ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ

സജി ചെറിയാന്റെ വിവാദ പ്രസംഗം: മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ

'ഭരണഘടനയെ എല്ലാവരും ബഹുമാനിക്കണം'
Updated on
1 min read

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ഥിതിഗതികൾ താൻ നിരീക്ഷിച്ച് വരികയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ എല്ലാവരും ബഹുമാനിക്കണം. മന്ത്രിമാർക്ക് പ്രത്യേക ഉത്തരവാദിത്തം ഉണ്ട്. മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപ്പിടിക്കുമെന്ന് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സജി ചെറിയാന്‍
സജി ചെറിയാന്‍

സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ വിമർശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. മന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പരാമർശം രാജ്യവിരുദ്ധമാണ്. രാജ്യദ്രോഹകുറ്റം ചുമത്തി മന്ത്രിയെ ജയിലിൽ അടയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.

സജി ചെറിയാന്റെ പരാമർശത്തിൽ ഭരണമുന്നണിൽ തന്നെ സിപിഐ വിയോജിപ്പുമായി രംഗത്ത് വന്നു. ഭരണഘടനയ്ക്കെതിരായ മന്ത്രിയുടെ പരാമർശം ഗുരുതരവും അനുചിതവുമെന്നും സിപിഐ അഭിപ്രായപ്പെട്ടു.വിഷയത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടി ഉണ്ടായേക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.

രാജി ആവശ്യത്തെ തളളി സിപിഎം രംഗത്തെത്തി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in