ഗവര്‍ണര്‍ ഇന്നെത്തും; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
സിപിഎം നേതാവ് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശവും സജി ചെറിയാന് അനുകുലമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടനാ അധിക്ഷേപ വിവാദത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രി സഭയില്‍ നിന്നും പുറത്തു പോകേണ്ടിവന്നത്.
ഇന്ന് കേരളത്തിലെത്തുന്ന ഗവര്‍ണര്‍ ആറാം തീയതി മടങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് ജനുവരി നാല് എന്ന തീയതി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രി നല്‍കുന്ന ശുപാര്‍ശ തള്ളാനാകില്ലെന്നും, സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വമാണെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുള്ള ഉപദേശം എന്നാണ് വിവരം. അതേസമയം, ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇന്ന് കേരളത്തിലെത്തുന്ന ഗവര്‍ണര്‍ ആറാം തീയതി മടങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് ജനുവരി നാല് എന്ന തീയതി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.
സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും, സത്യപ്രതിജ്ഞ നടക്കുന്ന ബുധനാഴ്ച കരിദിനം ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കെപിസിസി പ്രസിഡന്റും, പ്രതിപക്ഷ നേതാവുമുള്‍പ്പെടെ ഉന്നയിച്ചത്. ധാര്‍മികത ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
സിപിഎം നിലപാടിനെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് വിവാദം നീണ്ടതോടെയായിരുന്നു രാജി
ജൂലൈ ആറിനാണ് ഭരണഘടനാ അവഹേളനത്തിന്റെ പേരില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്. പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയായിരുന്നു രാജി പ്രഖ്യാപനം. സിപിഎം നിലപാടിനെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് വിവാദം നീണ്ടതോടെയായിരുന്നു രാജി.
സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസ് അവസാനിപ്പിച്ചിരുന്നു. തെളിവുശേഖരണം സാധ്യമല്ലെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയല്ലായിരുന്നു പ്രസംഗം എന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ പിന്നാലെയാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.