അനിശ്ചിതത്വം നീങ്ങി; സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍, സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നാല് മണിക്ക്
സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം നീങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടക്കും.
സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാട് അനിശ്ചിതത്വങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിഷയത്തില്‍ ഭരണഘടനാ വിദഗ്ദർ, അറ്റോർണി ജനറല്‍ അടക്കമുള്ളവരുമായി ഗവര്‍ണർ ആശയ വിനിമയം നടത്തിയിരുന്നു.
ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്തണമെന്നുള്ളതായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ മാത്രം പെട്ടെന്ന് തന്നെ തീരുമാനമെടുക്കേണ്ടതില്ല, ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത് എന്നായിരുന്നു ഗവര്‍ണർക്ക് ലഭിച്ച നിയമോപദേശം.
ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതി വന്നപ്പോള്‍ അത് ബോധ്യമായത് കൊണ്ടാണ് മുഖ്യമന്ത്രി സജി ചെറിയാനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ പരാതിയുടെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ടത് എന്നായിരുന്നു ഇന്നലെ തിരുവനന്തപുരത്തെത്തിയ ശേഷം ഗവര്‍ണറുടെ പ്രതികരണം.