ശമ്പളം വൈകുന്നു; കെഎസ്ആര്‍ടിസിയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് യൂണിയന്‍ പണിമുടക്ക്

ശമ്പളം വൈകുന്നു; കെഎസ്ആര്‍ടിസിയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് യൂണിയന്‍ പണിമുടക്ക്

കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് സിഐടിയുവും ഐഎന്‍ടിയുസിയും ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു
Updated on
1 min read

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് യൂണിയന്റെ കെഎസ്ടി എംപ്ലോയീസ് സംഘ് പണിമുടക്കും. നാളെ രാത്രി 12 മണിവരെയാണ് സമരം. സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും.

ശമ്പളം കൃത്യമായി നല്‍കുക, കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ശമ്പള പ്രതിസന്ധി പരിഹാരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂണിയനുകളുടെ യോഗം വിളിച്ചിരുന്നു. അഞ്ചാം തീയതിക്കുമുമ്പ് മുഴുവന്‍ ശമ്പളവും നല്‍കുമെന്നായിരുന്നു യോഗത്തിലെ ധാരണം. പക്ഷെ ഈ മാസം ശമ്പളത്തിന്റെ ഒരു ഗഡുമാത്രമാണ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് സിഐടിയുവും ഐഎന്‍ടിയുസിയും ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.

ഏപ്രിലിലെ ശമ്പളം നല്‍കാന്‍ 50 കോടി രൂപ സര്‍ക്കാര്‍ ധനസഹായം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ധനവകുപ്പ് പണം അനുവദിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ജീവനക്കാരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ശമ്പളം വൈകുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. 600 കോടി രൂപ പെന്‍ഷന്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് വന്നിട്ടുണ്ടെന്നും അതിനും പണമില്ലാത്ത അവസ്ഥയാണ് നിലവിലെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in