ഏകവ്യക്തി നിയമം: സിപിഎം സെമിനാറില്‍ സമസ്ത പങ്കെടുക്കും, ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് മുത്തുക്കോയ തങ്ങൾ
ഏകവ്യക്തി നിയമത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഏകവ്യക്തി നിയമം സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും യോജിച്ച് പ്രവര്‍ത്തിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ഇതിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. എന്നാല്‍ സെമിനാറിന്റെ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ.
ഏകവ്യക്തി നിയമം സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും യോജിച്ച് പ്രവര്‍ത്തിക്കും
ഏക സിവിൽ കോഡ് വിഷയത്തിൽ വൈകാരികമായ എടുത്ത് ചാട്ടത്തിന് സമസ്ത മുതിരില്ല. വിഷയത്തിൽ കേരളത്തിലെ ഏത് രാഷ്ട്രീയ പാർട്ടികളുമായും, മതനേതാക്കന്മാരുമായും സംഘടനകളുമായും സഹകരിക്കും. പൗരത്വ ബില്ലിൽ സ്വീകരിച്ച അതേ സമീപനമാണ് ഈ വിഷയത്തിൽ സമസ്തക്കുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംഘാടക സമിതിയിൽ വൈസ് ചെയർമാനായി തുടരണോ എന്നത് സമസ്ത നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമസ്ത നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തില്‍ മുസ്ലീം ലീഗ് കൂടുതല്‍ സമ്മര്‍ദത്തിലാകും. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ മുസ്ലിം ലീഗിനെ ക്ഷണിക്കുകയും കോൺഗ്രസിനെ ഒഴിവാക്കുകയും ചെയ്തതിനെ തുടർന്ന് ലീഗിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു വന്നിരുന്നത്. എംകെ മുനീറും കെഎം ഷാജിയും അടക്കമുളള സിപിഎമ്മിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ സിപിഎം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ഇരട്ടത്താപ്പാണ് സിപിഎമ്മിനെനന്നുമായിരുന്നു ഇരുവരും വിമർശനം ഉയർത്തിയിരുന്നത്. അതേ സമയം, സിപിഎമ്മിന്റെ ക്ഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്ന് പരിശോധിച്ച് തീരുമാനമെക്കുമെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയത്.