ചങ്ങാത്തമെന്ന് കുറ്റപ്പെടുത്തുന്നവര്‍ സപ്തകക്ഷി മുന്നണി മറക്കരുത്; മാർക്സിസ്റ്റ്‍വത്കരണ വിമർശനങ്ങൾക്ക് സമസ്തയുടെ മറുപടി
ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായശേഷം സമസ്ത ഇടത്തോട്ട് അടുക്കുന്നുവെന്ന പരാതി സംഘടനയിലും മുസ്ലിം ലീഗിലും കുറച്ചുകാലമായുണ്ട്. സിപിഎം സംഘടിപ്പിച്ച ഏക സിവില്‍ കോഡ് വിരുദ്ധ സെമിനാറില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലിയായിരുന്നു ഏറ്റവുമൊടുവില്‍ വിവാദം. സിപിഎമ്മിനെ കരുതിയിരിക്കണമെന്ന് സെമിനാറിന് തൊട്ടുമുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി കൂരിയാട് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി.
ഭിന്നത അത്ര രഹസ്യമല്ലെന്ന് വന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം അണികളും പക്ഷം തിരിഞ്ഞു. സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഹക്കിം ഫൈസി ആദൃശേരിയുടെ അനുയായികള്‍ ഈ വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയില്‍ ഉന്നയിക്കുന്നു. മുസ്ലിം ലീഗ് നേതൃത്വത്തിനും ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടുകളില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞുകൊണ്ടുള്ള സമസ്ത ആദര്‍ശ സമ്മേളനങ്ങള്‍.
ഭിന്നതയുടെ നാള്‍വഴികള്‍
കഴിഞ്ഞ ദിവസം മുക്കത്ത് നടന്ന സമ്മേളനത്തില്‍, മുന്‍പ് പരസ്യമായി പറയാന്‍ മടിച്ചിരുന്ന പലകാര്യങ്ങളും സമസ്ത നേതാക്കള്‍ പറയുന്നുണ്ട്. ഈ പ്രശ്നങ്ങളൊന്നും പെട്ടന്നുണ്ടായതല്ലെന്ന് വിയോജിപ്പുകളുടെ നാള്‍വഴി പറഞ്ഞ് എസ് വൈ എസ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിശദീകരിക്കുന്നു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായതോടെയുണ്ടായ മാറ്റങ്ങളും സമസ്തയുടെ മുഖപത്രമായി സുപ്രഭാതം വന്നതും സംഘടനയെ കൂടുതല്‍ ജനകീയമാക്കി.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും സമസ്തയെ തിരിച്ചറിയാന്‍ തുടങ്ങി. ഭൂരിപക്ഷം മുസ്ലിങ്ങള്‍ സമസ്തയ്ക്കൊപ്പമാണെന്ന് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മനസിലാക്കി. സമസ്തയുടെ പ്രാധാന്യം സര്‍ക്കാരും തിരിച്ചറിഞ്ഞു. ആവശ്യങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയോട് പറയാന്‍ തുടങ്ങി. ജിഫ്രി തങ്ങളും ഉമര്‍ ഫൈസിയും മാര്‍ക്സിസ്റ്റാണെന്ന ആരോപണങ്ങളുടെ തുടക്കം അവിടെനിന്നാണെന്ന് ഹമീദ് ഫൈസി പറയുന്നു.
നേരത്തെ, സമസ്ത നേതാക്കള്‍ സര്‍ക്കാരുകളുമായി നേരിട്ട് ബന്ധപ്പെടാറുണ്ടായിരുന്നില്ല. മുസ്ലിം ലീഗ് നേതാക്കള്‍ സമസ്തയുടെ നെടുംതൂണുകളായിരുന്ന കാലത്ത് ഭരണകൂടവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അവര്‍ തന്നെ ചെയ്യുകയായിരുന്നു പതിവ്. എല്‍ഡിഎഫ് സര്‍ക്കാരുകളുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ ജിഫ്രി തങ്ങളും മുഖ്യമന്ത്രിയും പരസ്പരം സംസാരിക്കാറുണ്ട്. സമുദായവുമായി ബന്ധപ്പെട്ട പല ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നില്‍വയ്ക്കുകയും അത് അംഗീകരിക്കപ്പെടാറുമുണ്ട്.
സര്‍ക്കാരുമായുള്ള ഈ ബന്ധത്തിന്‍റെ പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഹമീദ് ഫൈസി കുറ്റപ്പെടുത്തി. ഭരണകൂടം സിപിഎമ്മിന്റെ അല്ല, ബിജെപിയുടെയാണെങ്കിലും സമുദായ സംഘടനകള്‍ക്ക് സംസാരിക്കേണ്ടിവരുമെന്നാണ് ഇക്കാര്യത്തില്‍ ഹമീദ് ഫൈസിയുടെ വിശദീകരണം. സിപിഎമ്മുമായി സമസ്തയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്മ്യൂണിസത്തെ സംഘടന നഖശിഖാന്തം എതിര്‍ക്കുന്നുവെന്നും ഹമീദ് ഫൈസി പറയുന്നു.
കാലിക്കറ്റ് സര്‍വകലാശാല ഉണ്ടായതും മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായതുമടക്കമുള്ള കാര്യങ്ങള്‍ ഇഎംഎസിന്റെ കാലത്തായിരുന്നു. ഇപ്പോള്‍ ചങ്ങാത്തമെന്ന് കുറ്റപ്പെടുത്തുന്നവര്‍ അന്നത്തെ കൂട്ടുകെട്ട് മറക്കരുതെന്നാണ് ഹമീദ് ഫൈസിയുടെ പരിഹാസം
വഖഫില്‍ സംഭവിച്ചതെന്ത്?
വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം വേണ്ടെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ക്കും മറുപടിയുണ്ട്. വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടര്‍ന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടു. പിഎസ്‍സിക്ക് വിട്ട തീരുമാനം മരവിപ്പിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. അപ്പോഴാണ് വഖഫ് വിഷയത്തില്‍ സംസ്ഥാനത്തെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രഖ്യാപനം.
സിപിഎം അതിനെ പ്രതിരോധിക്കുമെന്ന് കൂടി പറഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന് വന്നു. ഭൂരിഭാഗം പള്ളികളും സമസ്തയുടെ കീഴിലാണെങ്കിലും സംഘടനയോട് ആലോചിക്കാതെയായിരുന്നു പ്രഖ്യാപനം. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ പള്ളികളില്‍ പ്രതിഷേധിക്കുമെന്ന തീരുമാനത്തെക്കുറിച്ച് അദ്ദേഹവും അറിഞ്ഞിരുന്നില്ലെന്ന് ഹമീദ് ഫൈസി പറയുന്നു. തുടര്‍ന്ന് സമസ്തയുടെ പള്ളികളില്‍ പ്രതിഷേധമുണ്ടാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു.
ചങ്ങാത്തമോ, കൂട്ടുകെട്ടോ?
സിപിഎമ്മുമായി ഒരു വിഷയത്തിലും യോജിക്കരുതെന്ന വാദത്തെ മുസ്ലിം ലീഗിന്റെ മുന്‍നിലപാടുകള്‍ ഉയര്‍ത്തിത്തന്നെ സമസ്ത ചോദ്യം ചെയ്യുന്നുണ്ട്. 1967ലെ സപ്തകക്ഷി മുന്നണിയും മുസ്ലിം ലീഗിന് ലഭിച്ച രണ്ട് മന്ത്രിസ്ഥാനവുമൊക്കെ ഹമീദ് ഫൈസി ഓര്‍മിപ്പിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാല ഉണ്ടായതും മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായതുമടക്കമുള്ള കാര്യങ്ങള്‍ ഇഎംഎസിന്റെ കാലത്തായിരുന്നു. ഇപ്പോള്‍ ചങ്ങാത്തമെന്ന് കുറ്റപ്പെടുത്തുന്നവര്‍ അന്നത്തെ കൂട്ടുകെട്ട് മറക്കരുതെന്നാണ് ഹമീദ് ഫൈസിയുടെ പരിഹാസം.
മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറും വിമര്‍ശനങ്ങളിലെ വൈരുധ്യം വ്യക്തമാക്കാന്‍ സമസ്ത നേതാക്കള്‍ ഉദാഹരിക്കുന്നുണ്ട്. ലീഗ് നേതൃത്വം നല്‍കുന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ സിപിഎമ്മിനെ ക്ഷണിച്ചത് വിമര്‍ശകര്‍ കാണാതെ പോകരുതെന്നാണ് മറുപടി. സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ അതൃപ്തി കൂടി കണക്കിലെടുത്താണ് അന്ന് ക്ഷണം നിരസിച്ചതെന്നും ഹമീദ് ഫൈസി പറഞ്ഞു.
ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വം സമസ്തയെ മാര്‍ക്സിസ്റ്റ് വത്കരിക്കുന്നുവെന്ന ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കുകയാണ് പ്രതിവിമര്‍ശനങ്ങളുടെ ലക്ഷ്യം. സിഐസി മുന്‍ ജനറല്‍ സെക്രട്ടറി ഹക്കിം ഫൈസി ആദൃശേരിക്ക് പിന്നാലെ കമ്മ്യൂണിസ്റ്റ് ബന്ധമെന്ന വിമര്‍ശനം മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി കൂടി ഉയര്‍ത്തിയതോടെയാണ് അണികളിലെ അവ്യക്തത നീക്കാനുള്ള ആദര്‍ശ സമ്മേളനങ്ങള്‍. കമ്മ്യൂണിസവുമായല്ല, മറിച്ച് ഭരിക്കുന്ന സര്‍ക്കാരുമായാണ് ബന്ധപ്പെടുന്നതെന്ന മറുപടി പരമാവധി വേദികളിലൂടെ അണികളിലെത്തിക്കുകയാണ് ലക്ഷ്യം.