സ്കൂൾ അവധിക്കാലത്തിൽ വിവേചനമെന്ന് സമസ്ത

സ്കൂൾ അവധിക്കാലത്തിൽ വിവേചനമെന്ന് സമസ്ത

'ക്രിസ്മസിനും ഓണത്തിനും 10 ദിവസം അവധി,പെരുന്നാളിന് ഒരു ദിവസം മാത്രം'.രൂക്ഷവിമർശനവുമായി നാസർ ഫൈസി കൂടത്തായി
Updated on
1 min read

സർക്കാർ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സമസ്ത് യുവജന വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി നൽകുമ്പോൾ പെരുന്നാളിന് ഒരു ദിവസം മാത്രം അവധി നൽകുന്നത് വിവേചനപരമാണെന്നാണ് ആക്ഷേപം . ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഫൈസി ആരോപിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തോടൊപ്പം സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളെ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറും ചേർത്തിട്ടുണ്ട്.

"ആഘോഷ ദിനങ്ങളിൽ സ്കൂളുകളിൽ അവധി നൽകുന്നുണ്ട്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി. പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്ന ആവശ്യം കാലങ്ങളോളമായ് വിശ്വാസികൾ ആവശ്യപ്പെട്ടിട്ടും പെരുന്നാൾ ഞായറാഴ്ചയാണെങ്കിൽ പോലും കൂടുതൽ ഇതുവരേ ലഭിച്ചിട്ടില്ല. ആഘോഷത്തിൻ്റെ പേരിൽ മത ചടങ്ങുകൾ തന്നെ സ്കൂളുകളിൽ നടത്താൻ സർക്കാർ സർക്കുലർ നൽകി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകർ തന്നെ"- നാസർ ഫൈസി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഇ ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അധികം ജോലി സാധ്യതയില്ലാത്ത സംസ്കൃത ഭാഷയ്ക്ക് സർവകലാശാല അനുവിദച്ചതും ഫൈസി ചൂണ്ടിക്കാട്ടുന്നു. "യുനെസ്കോ അംഗീകൃത ഭാഷ, വിദേശത്തും സ്വദേശത്തും മതവിവേചനമില്ലാതെ ഏറെ തൊഴിൽ സാധ്യതയുള്ള ഭാഷ അത് അറബിയാണ്. അറബി സർവ്വകലാശാല എന്ന സ്വപ്നവും വാഗ്ദാനവും എന്ത് കൊണ്ട് യാഥാർത്ഥ്യമാകുന്നില്ല.
മുസ്ലിം ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുമ്പോൾ ഇസ്ലാമോഫിബിയ വർക്കൗട്ടാവുകയാണ്" ഫൈസി കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in