ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത; താരാരാധന ഇസ്ലാമിക വിരുദ്ധം, കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നത് ശരിയല്ല

ഫുട്ബോള്‍ ലഹരിയും ജ്വരവുമായി മാറുകയാണ്. താരാരാധനയുടെ പേരില്‍ അമിതമായി സമ്പത്ത് ചിലവഴിക്കുകയാണെന്നും ജംഇയ്യത്തുല്‍ ഖുത്വബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനും ആഘോഷങ്ങള്‍ക്കുമെതിരെ സമസ്ത. ഫുട്‌ബോള്‍ ആവേശം അതിരുകടക്കുകയാണെന്നും താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത ഖുത്വബ കമ്മിറ്റി. താരാരാധനയുടെ പേരില്‍ വലിയ തോതില്‍ പണം ചിലവഴിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്ലാമിക വിരുദ്ധ രാഷ്ട്രങ്ങളുടേതടക്കം കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നും സമസ്ത ഖുത്വബ കമ്മിറ്റി നിലപാട് എടുത്തു. ഫുട്‌ബോള്‍ ലഹരി നിയന്ത്രിക്കണമെന്ന കാര്യം വെള്ളിയാഴ്ച നമസ്‌കാരങ്ങളില്‍ സംസാരിക്കുന്ന വിഷയങ്ങളില്‍ ഖത്തീബുമാര്‍ ഉള്‍പ്പെടുത്തണമെന്നും കേരളാ ജംഇയ്യത്തുല്‍ ഖുത്വബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി നിര്‍ദേശം നല്‍കി.

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണുന്നതിന് പകരം ഫുട്ബോള്‍ ലഹരിയും ജ്വരവുമായി മാറുകയാണ്. താരാരാധനയുടെ പേരില്‍ അമിതമായി സമ്പത്ത് ചിലവഴിക്കുകയാണെന്നും ജംഇയ്യത്തുല്‍ ഖുത്വബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. തെരുവില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് പകപ്പോക്കലിനും സമയ നഷ്ടത്തിനും ധന നഷ്ടത്തിനും കാരണമാക്കുന്നുണ്ട്. എല്ലാത്തിനും പരിധി വേണമെന്നാണ് ബോധവത്കരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഖുത്വബ സെക്രട്ടറി വ്യക്തമാക്കുന്നു. കട്ടൗട്ടിന് സമീപം വന്ന് കുട്ടികള്‍ക്ക് പേരിടുന്നത് പോലെയുള്ള കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അല്ലെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.

'ഖുര്‍ ആന്‍ സൂക്തം ചൂണ്ടിക്കാട്ടി, നിസ്‌കാരം തടസ്സപ്പെടുത്താത്ത വിധത്തില്‍ ആകണം കളി കാണേണ്ടതെന്ന് നിര്‍ദേശിക്കുന്ന ജുമുഅ പ്രസംഗമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഖുത്വബാ തങ്ങളുടെ കീഴിലുള്ള ഖത്തീബുമാര്‍ക്ക് അയച്ചിട്ടുള്ളത്. കാര്യം വിട്ട് കളിയില്ലെന്നും നമസ്‌കാരം കൃത്യ സമയത്ത് നിര്‍വഹിക്കുന്നതില്‍ നിന്നും തടസ്സപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനമെന്നും ഖുറാനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ പറയുന്നു. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരിയെന്നും വിനോദങ്ങളായി കാണുന്ന പലതും ഉത്തരവാദിത്വ ബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതും നിഷിദ്ധമാണെന്നും പ്രസംഗത്തിലുണ്ട്. നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കണം കളി കാണേണ്ടെതെന്നും സമസ്ത വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ആദ്യം അധിനിവേശം നടത്തിയ ശക്തിയായ പോര്‍ച്ചുഗലിന്റെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെയും പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ജുമുഅ പ്രസംഗം അവസാനിക്കുന്നത്.

ഫുട്‌ബോള്‍ ആവേശം ശരിയല്ലെന്ന നിലപാട് സമസ്ത സ്വീകരിക്കുമ്പോഴും സമസ്തയുടെ കീഴിലുള്ള സുപ്രഭാതം പത്രം ലഹരിക്കെതിരെ ഗോളുകള്‍ എന്ന പേരില്‍ ക്യാംപസ് കേന്ദ്രീകരിച്ച് നടത്തുന്ന ഫുട്‌ബോള്‍ പര്യടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഖദം ഖദം ഖത്തര്‍ എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ഫോട്ടോ സഹിതമാണ് വിമര്‍ശനം ഉയരുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in