സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി
സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി. കോട്ടയത്ത് ചേർന്ന ബിജെപി നേതൃയോഗത്തിന്റേതാണ് തീരുമാനം. പെട്രോള്‍ പമ്പിന് അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ പാർട്ടിയുടെ പേരിൽ വിവിധ ആളുകളിൽ നിന്ന് സന്ദീപ് കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.
രാവിലെ ചേർന്ന കോർ കമ്മിറ്റി യോഗം സന്ദീപിനെതിരെ നടപടി വേണമെന്ന ആവശ്യം അംഗീകരിച്ചിരുന്നു. തുടർന്ന് സംസ്ഥാന ഭാരവാഹിയോഗവും അച്ചടക്ക നടപടി ആവശ്യത്തിൽ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഘടനാപരമായ കാര്യമാണെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കവെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞത്. സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ സന്ദീപ് വാര്യർ മടങ്ങിയിരുന്നു. സന്ദീപിനെതിരെ തൃശ്ശൂർ, പാലക്കാട്, വയനാട് , മലപ്പുറം ജില്ലാ കമ്മിറ്റി അദ്ധ്യക്ഷന്മാർ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും, ദേശീയ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘടനാ ജനറൽ സെക്രട്ടറിമാരായ എം. ഗണേശനും, കെ സുഭാഷും ഉൾപ്പെടുന്ന സമിതി സന്ദീപ് വാര്യരെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു. സന്ദീപിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തത്.
സന്ദീപിനെതിരെ ഉയർന്ന ആരോപണങ്ങൾ
പെട്രോൾ പമ്പിന് അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തൃശ്ശൂരിലെ വ്യവസായിയിൽ നിന്ന് 20 ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ് കുമാറാണ് സംസ്ഥാന നേതൃത്വത്തിന് ആദ്യം പരാതി നൽകിയത്. വയനാട്ടിൽ ടൂറിസം പദ്ധതിയുടെ പേരിൽ പണപിരിവ് നടത്തിയെന്നും കർഷക നേതാക്കളിൽ നിന്നും പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നു. മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികളും പണപിരിവ് പരാതി ഉയർത്തിയിട്ടുണ്ട്. പാർട്ടിക്കുള്ള ഫണ്ടിന് സ്വന്തം അക്കൗണ്ട് നമ്പർ നൽകിയെന്നാണ് പരാതി.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ജില്ലയിലെത്തിയപ്പോൾ ജില്ലാ പ്രസിഡന്റിനെ മറികടന്ന് പരിപാടികൾ നടത്തിയത് ജില്ലാ ഘടകം ചോദ്യം ചെയ്തിരുന്നു. ജില്ലയുടെ സഹപ്രഭാരി ചുമതലയുള്ള സന്ദീപ് ജില്ലാ കമ്മിറ്റിയെ മറികടന്ന് പല തീരുമാനങ്ങളും നടപ്പാക്കുന്നതിലുള്ള അമർഷം ജില്ലാ നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിക്കുകയും ചെയ്തു. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ സംസ്ഥാന നേതൃത്വത്തെ വിമർശിക്കുന്ന ബിജെപി ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത് സന്ദീപ് വാര്യരാണെന്ന് ഔദ്യോഗിക പക്ഷം വിമർശിക്കുന്നുണ്ട്. സന്ദീപിന്റെ പല നിലപാടുകളിലും ഔദ്യോഗിക പക്ഷത്തിന് കടുത്ത വിയോജിപ്പുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും നയിക്കുന്ന ബിജെപിയിലെ ഔദ്യോഗിക പക്ഷത്തോടുള്ള എതിർപ്പ് ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിട്ടുള്ളയാളാണ് സന്ദീപ് വാര്യർ. അതുകൊണ്ട് തന്നെ ഗ്രൂപ്പ് വൈരമാണ് അച്ചടക്ക നടപടിക്ക് കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാർട്ടിയോട് ആലോചിക്കാതെ സ്വന്തം നിലയിൽ സന്ദീപ് വിവിധ പരിപാടികൾ നടത്തുന്നതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. ചാനൽ ചർച്ചകളിലൂടെയാണ് യുവ നേതാവായ സന്ദീപ് ശ്രദ്ധേയനാകുന്നത്. ഹലാൽ വിഷയത്തിൽ പാർട്ടി വിരുദ്ധ സമീപനം സ്വീകരിച്ചതിനെ തുടർന്ന് ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സന്ദീപിനെ നേരത്തെ ബിജെപി വിലക്കിയിരുന്നു.