സന്ദീപാനന്ദഗിരി
സന്ദീപാനന്ദഗിരി

നാലു വര്‍ഷത്തിനു ശേഷം നിര്‍ണായക വഴിത്തിരിവ്: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ നാള്‍വഴികള്‍

ജനുവരിയില്‍ ആത്മഹത്യചെയ്ത തന്‍റെ സഹോദരന് ആശ്രമം കത്തിച്ചതില്‍ പങ്കുണ്ടെന്ന പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് നിര്‍ണായകമായത്.
Updated on
2 min read

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലു വര്‍ഷം പിന്നിടുമ്പോള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് ജനുവരിയില്‍ ആത്മഹത്യചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്ന സഹോദരന്‍ പ്രശാന്തിന്റെ വെളിപ്പെടുത്തലോടെയാണ് കേസിനു തുമ്പുണ്ടായത്. പ്രതിയായ പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെന്നാണ് പ്രശാന്തിന്റെ മൊഴി. ''അനിയനും സുഹൃത്തുകളും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടത്. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ അവന് ഭയമുണ്ടായിരുന്നു. അതിനുശേഷമാണ് താനാണ് തീയിട്ടതെന്ന് പ്രകാശ് പറഞ്ഞത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണ് സഹോദരന്‍. എന്നാല്‍ അവന്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞപ്പോഴും ആരും കുടുംബത്തെ സഹായിക്കാനെത്തിയില്ല'' -പ്രശാന്ത് പറഞ്ഞു

നാലുവര്‍ഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പോലീസിനും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിരുന്നു. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് തീയിട്ടത്. ഇതില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥാപിച്ചാണ് അക്രമികള്‍ മടങ്ങിയത്.

കത്തി നശിച്ച വാഹനങ്ങള്‍
കത്തി നശിച്ച വാഹനങ്ങള്‍

ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നിട്ടും കേസ് അന്വേഷണം എങ്ങുമെത്തിയില്ല. കേസ് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

സന്ദീപാനന്ദഗിരി
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വഴിത്തിരിവ്; പ്രതി ജനുവരിയില്‍ ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍

സിപിഎം- സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന മതാചാര്യനാണ് സന്ദീപാനന്ദഗിരി എന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം ബിജെപി-വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് അദ്ദേഹം വ്യാപക ആക്രമണം നേരിട്ടിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരേ വ്യാപക പ്രചരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആശ്രമം കത്തിച്ചത്. സ്വാമിക്ക് നേരെയുള്ള വധശ്രമമാണ് ഉണ്ടായതെന്നായിരുന്നു സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും നാല് വര്‍ഷമായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തത് സര്‍ക്കാരിനും പോലീസിനും തലവേദനയായിരുന്നു.

മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുന്നു
മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുന്നു

സംഭവ ദിവസം ആശ്രമത്തിലെ സിസിടിവി കേടായിരുന്നതും പോലീസിന് തിരിച്ചടിയായി. ആശ്രമത്തിന്റെ പരിധിയിലെ മുഴുവന്‍ സിസിടിവികള്‍ അരിച്ചുപെറുക്കിയിട്ടും നിര്‍ണായകമായ യാതൊരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതോടെ സ്വാമിതന്നെയാണ് ആശ്രമത്തിന് തീയിട്ടതെന്ന് ആക്ഷേപമുന്നയിച്ച് എതിർചേരി രംഗത്തെത്തിയിരുന്നു. പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയെങ്കിലും പുറത്തുവിടാഞ്ഞത് ആരോപണത്തിന്‍റെ മൂർച്ച കൂട്ടി. രേഖാചിത്രം കൃത്യമാണോ എന്നറിയാത്തതിനാലാണ് പുറത്തുവിടാത്തതെന്ന് പോലീസ് പറഞ്ഞതും വിവാദമായിരുന്നു. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടര്‍ന്നു. നിരവധിയാളുകളെ രഹസ്യമായി വിളിപ്പിച്ച് ചോദ്യം ചെയ്തു.

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു സന്ദീപാനന്ദഗിരി ആരോപിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രാര്‍ഥിച്ച് അല്‍മോറ ക്ഷേത്രത്തില്‍ അദ്ദേഹം മണിയടിച്ചതും വിവാദമായിരുന്നു.

പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും ആശ്രമം കത്തിച്ചത് താനാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് ഇതോടെ വിരാമമായെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പ്രതിയായ പ്രകാശ് മുന്‍പും ആശ്രമം ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സത്യം വെളിപ്പെടുത്തിയ പ്രശാന്തിന് സംരക്ഷണം ഒരുക്കണമെന്നും പ്രകാശിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in