സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍: മുഖ്യ സൂത്രധാരന്‍ ബിജെപി നേതാവ്  ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍: മുഖ്യ സൂത്രധാരന്‍ ബിജെപി നേതാവ് ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ഒന്നാം പ്രതി പ്രകാശും മൂന്നാം പ്രതി ശബരി എസ് നായരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യതമാക്കുന്നു
Updated on
1 min read

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ബിജെപി നേതാവ് വി ജി ഗിരികുമാറെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ അനുകൂല നിലപാടെടുത്തതാണ് ആക്രമണത്തിനു കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം പ്രതി പ്രകാശും മൂന്നാം പ്രതി ശബരി എസ് നായരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പത്രമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സന്ദീപാനന്ദഗിരി നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആശ്രമം കത്തിക്കാന്‍ കാരണം. 2018 ഒക്ടോബര്‍ ഒന്നിന് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലേക്ക് വി ജി ഗിരികുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലും കേസിലെ പ്രതികള്‍ പങ്കെടുത്തിരുന്നു. പ്രകടനത്തിന് ശേഷം സ്വാമിയെ പാഠം പഠിപ്പിക്കണമെന്ന് പ്രതികളോട് ഗിരികുമാർ പറഞ്ഞുവെന്നും ഇതേത്തുടര്‍ന്ന് ആശ്രമത്തിന് തീവയ്ക്കുകയുമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ സമർപ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ ആശ്രമം കത്തിച്ചപ്പോള്‍ ആശ്രമം ഉള്‍പ്പെടുന്ന വലിയവിള വാര്‍ഡിലെ കൗണ്‍സിലറായിരുന്നു വി ജി ഗിരികുമാര്‍.

തിരുവനന്തപുരം പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറായ ഗിരികുമാറിനെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഗിരികുമാറിന് പങ്കുണ്ടെന്ന് ഇന്നലെ തന്നെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കരുമംകുളം സ്വദേശി ശബരിയെയും ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെ ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in