അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് പുതുജീവൻ നല്‍കിയ സാരംഗിന് മുഴുവന്‍ എ പ്ലസ്; ഫലപ്രഖ്യാപനത്തിനിടെ വികാരാധീനനായി മന്ത്രി
'രജിസ്റ്റർ നമ്പര്‍ 122913, സാരംഗ് വി ആര്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചിരിക്കുന്നു.' എസ്എസ്എല്‍സി ഫല പ്രഖ്യാപന വേളയില്‍ മന്ത്രി വി ശിവകുട്ടിയുടെ തൊണ്ടയിടറി. കണ്ണുകള്‍ ഈറനണിഞ്ഞു. മുന്‍പിലുണ്ടായിരുന്ന ടിഷ്യൂ പേപ്പറെടുത്ത് മന്ത്രി കണ്ണ് തുടച്ചു.
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഫുള്‍ എ പ്ലസിന്റെ മധുരം പങ്കുവയ്ക്കാന്‍ സാരംഗ് കൂടെയില്ല. എന്നാല്‍ സാരംഗ് പുതുജീവന്‍ നല്‍കിയവർ അവനെ ഓര്‍ക്കും . ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് അപകടമുണ്ടാകുന്നത് മെയ് 13നാണ്. ചികിത്സയിലിരിക്കെ മരിച്ചു. എന്നാല്‍, അവയവ ദാനത്തിലൂടെ ആറ് പേരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയാണ് സാരംഗ് മടങ്ങിയത്.
ദുഃഖത്തില്‍ പങ്കു ചേരുന്നതിനൊപ്പം പ്രതികൂല സാഹചര്യത്തിലും അവയവ ദാനം നടത്താന്‍ ആ കുടുംബം കാണിച്ച സന്നദ്ധതയെക്കുറിച്ചും മന്ത്രി പറഞ്ഞു.
എസ്എസ്എല്‍സി ഫലം അറിയാനുള്ള കാത്തിരിപ്പിനിടെയാണ് ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സാരംഗിനെ മരണം കവർന്നത്. ചികിത്സയിലിരിക്കെ ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടർന്ന് അവയവദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു കുടുംബം.
സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ രണ്ട് വൃക്കകള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറാകുകയായിരുന്നു. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്.
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. അമ്മയോടൊപ്പം ആശുപ്രത്രിയിൽ നിന്ന് മടങ്ങവേയാണ് സാരംഗ് അപകടത്തിൽപ്പെട്ടത്.