കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും
കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

'സി കെ ശ്രീധരന്റേത് വഞ്ചന'; കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ഭയമുണ്ടെന്ന് ശരത് ലാലിന്റെ കുടുംബം

സി കെ ശ്രീധരന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപണം
Updated on
1 min read

പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത സി കെ ശ്രീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം. സി കെ ശ്രീധരന്‍ ചെയ്തത് വഞ്ചനയാണെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞു. ഒരുമിച്ച ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഈ നീച പ്രവര്‍ത്തി ചെയ്തത്. കേസിന്റെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും സി കെ ശ്രീധരന് അറിയാം. എല്ലാ ഫയലുകളും അദ്ദേഹം പരിശോധിച്ചിരുന്നു. അതിനാല്‍ തന്നെ കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ട്'' - സത്യനാരായണന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ സി കെ ശ്രീധരന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനയില്‍ സി കെ ശ്രീധരന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്കും ബാര്‍ കൗണ്‍സിലിനും അന്വേഷണ ഏജന്‍സിയായ സിബിഐക്കും പരാതി നല്‍കുമെന്നും ശരത് ലാലിന്റെ അച്ഛന്‍ പറഞ്ഞു.

അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സ പിഎമ്മില്‍ ചേര്‍ന്ന സി കെ ശ്രീധരന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്. ഒന്നാം പ്രതിയായ പീതാംബരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കുവേണ്ടിയാകും അദ്ദേഹം ഹാജരാകുക. ഇന്നലെ സിബിഐ കോടതിയില്‍ പ്രതികളുടെ അഭിഭാഷകനായി അദ്ദേഹം എത്തിയിരുന്നു. കൊച്ചി സിബിഐ കോടതിയില്‍ ഫെബ്രുവരി രണ്ടിനാണ് കേസിന്റെ വിചാരണ ആരംഭിക്കുക.

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും
പെരിയ ഇരട്ട കൊലപാതക കേസ്; പ്രതികളുടെ വക്കാലത്ത് സി കെ ശ്രീധരന്‍ ഏറ്റെടുത്തു

കേസില്‍ 24 പ്രതികളാണുള്ളത്. സിപിഎം നേതാവ് പി പീതാംബരനെ കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും, മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ എന്നിവരും പ്രതികളാണ്. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. കൊച്ചി പ്രത്യേക സിബിഐ കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്.

logo
The Fourth
www.thefourthnews.in