കേരളത്തില്‍ 130 തമിഴ്‌നാട്ടില്‍ 30! മണ്ണെണ്ണ വിലയില്‍ പൊറുതിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍
മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന ഒട്ടനേകം പ്രശ്‌നങ്ങള്‍ ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുകയാണ്. കടല്‍ ക്ഷോഭവും, തീര ശോഷണവും, പുനരധിവാസവും മാത്രമല്ല ഇന്ധന വിലയും അവര്‍ക്ക് മുന്നില്‍ വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ഒഴിവാക്കിയപ്പോള്‍ വലിയ വില നല്‍കിയാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യമായ മണ്ണെണ്ണ വാങ്ങുന്നത്. ഈ വില വര്‍ധനവിനെ കുറിച്ച് ശശി തരൂരിനോട് ഉള്ളുപിടഞ്ഞ് ചോദ്യം ചോദിക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതിനിധിയായ ഗീത സുരേഷ്.
തമിഴ്‌നാട്ടില്‍ 30 രൂപയ്ക്ക് മണ്ണെണ്ണ ലഭിക്കുമ്പോള്‍ കേരളത്തില്‍ 130 എന്നതാണ് സാഹചര്യം. കേന്ദ്രം സബ്സിഡികളെല്ലാം നിര്‍ത്തലാക്കിയപ്പോള്‍ തമിഴ്നാട് സംസ്ഥാന നികുതി ഒഴിവാക്കി. എന്നാല്‍ കേരളം അതിന് പോലും തയ്യാറാകുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. തിരുവനന്തപുരത്ത് മ്യൂസിയം ആര്‍ട്ട് ഗാലറിയും സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച 'കോഫീ വിത്ത് ശശി തരൂര്‍' എന്ന സംവാദത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.