കാലം മാപ്പ് തരില്ല! സഭാനേതൃത്വത്തിന്റെ വിചാരധാരയിലെ അടിയന്തര മാറ്റത്തിന്റെ അടിസ്ഥാനമെന്ത്? ആലഞ്ചേരിയെ തള്ളി സത്യദീപം

കാലം മാപ്പ് തരില്ല! സഭാനേതൃത്വത്തിന്റെ വിചാരധാരയിലെ അടിയന്തര മാറ്റത്തിന്റെ അടിസ്ഥാനമെന്ത്? ആലഞ്ചേരിയെ തള്ളി സത്യദീപം

രാജ്യമാകെ തുടരുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ 2023 ഫെബ്രുവരി 20ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചത് എന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നുപോയതാകുമെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു
Updated on
2 min read

ക്രൈസ്തവ സഭാ തലവന്മാർക്കെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. സഭാനേതൃത്വം ബിജെപി പ്രീണനം നടത്തുകയാണെന്നാണ് വിമർശനം. കർദിനാള്‍ ജോർജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല നിലപാടിനെയും സത്യദീപം മുഖപ്രസംഗം വിമർശിക്കുന്നു. ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്നുമുള്ള കർദിനാളിന്റെ പരാമർശങ്ങള്‍ക്കെതിരെയാണ് വിമർശനം. രാജ്യമാകെ തുടരുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ 2023 ഫെബ്രുവരി 20ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചത് എന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നുപോയതാകുമെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഏകാധിപത്യ പ്രവണതകളുടെ അപകടസാധ്യതകളെക്കുറിച്ച് പുറത്തുപറയുകയെന്ന ഉത്തരവാദിത്വം നിസാരനേട്ടങ്ങള്‍ക്ക് വേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ലെന്നും സഭാനേതൃത്വം ഇത് മറന്നുപോകരുതെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു.

ഈസ്റ്റർ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ ക്രിസ്ത്യൻ പള്ളി സന്ദർശിച്ചതിനും ബിജെപി നേതാക്കള്‍ മതമേലധ്യക്ഷന്മാരെ സന്ദർശിച്ചതിനെതിരെയും വിമർശനമുണ്ട്. വിചാരധാരയോ, വചനധാരയോ? എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Attachment
PDF
205_bk96_issue36_editorial-19APRIL2023_fr mathew kilukkan (2).pdf
Preview

ഗോള്‍ വാള്‍ക്കറുടെ 'വിചാരധാര'യില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍, സഭാനേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തര മാറ്റമുണ്ടായതിന്റെ അടിസ്ഥാനമെന്തെന്നതില്‍ വിശ്വാസികള്‍ അത്ഭുതപ്പെടുകയാണെന്ന് മുഖപ്രസംഗം പറയുന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കര്‍ദിനാള്‍ പറയുമ്പോള്‍ സുരക്ഷിതത്വത്തിന്റെ അര്‍ഥവും, അത് ഏതാനും പേരുടെ മാത്രമെന്ന അനര്‍ഥവും തമ്മില്‍ വല്ലാതെ കൂടിക്കുഴയുകയാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ നിലപാട് എന്തെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കാലം മാപ്പ് തരില്ല! സഭാനേതൃത്വത്തിന്റെ വിചാരധാരയിലെ അടിയന്തര മാറ്റത്തിന്റെ അടിസ്ഥാനമെന്ത്? ആലഞ്ചേരിയെ തള്ളി സത്യദീപം
'ക്രിസ്ത്യൻ യുവതികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നു'; ഇസ്‌ലാമോഫോബിയയ്ക്ക് കാരണങ്ങളുണ്ടെന്ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി

മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. ബിജെപിക്ക് സമ്പൂര്‍ണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് ഇപ്പോള്‍ കരുതാനാകില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിക്കുമ്പോഴും, കേരളത്തിന് പുറത്ത് ക്രൈസ്തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകള്‍ വ്യക്തമാക്കുന്നതെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കും മോദി സർക്കാരിനുമെതിരെ മുഖപ്രസംഗം തുറന്ന വിമർശനമാണ് ഉയർത്തുന്നത്. മതരാജ്യമായി മാറിപ്പോകാമായിരുന്ന ഭാരതത്തെ മതേതര രാജ്യമായി പുതുക്കിപ്പണിത നെഹ്‌റുവിയന്‍ കാലത്തെ അവഗണിച്ച് ഹൈന്ദവികതയെ തീവ്രദേശീയതയായി മാറ്റിപ്പണിയുന്ന മോദികാലം ക്ഷേത്രനിര്‍മാണത്തെ രാഷ്ട്രനിര്‍മാണമായി അവതരിപ്പിക്കുകയാണ്. സവര്‍ക്കറുടെ 'ആരാണ് ഹിന്ദു'വെന്ന ചോദ്യത്തിന് 'ഇന്ത്യയെ മാതൃരാജ്യമായും, പുണ്യസ്ഥലമായും പരിഗണിക്കുന്നയാള്‍' എന്ന ഉത്തരത്തിനുള്ളില്‍ ഹിന്ദുത്വവും ദേശീയതയും ഒന്നായുള്ളടങ്ങുന്നുവെന്ന അപകടമുണ്ട്. മുഖപ്രസംഗം പറയുന്നു.

കാലം മാപ്പ് തരില്ല! സഭാനേതൃത്വത്തിന്റെ വിചാരധാരയിലെ അടിയന്തര മാറ്റത്തിന്റെ അടിസ്ഥാനമെന്ത്? ആലഞ്ചേരിയെ തള്ളി സത്യദീപം
ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതർ; കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് മാര്‍ ജോർജ് ആലഞ്ചേരി

ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും ക്രിസ്ത്യന്‍ വീടുകളിലും, അരമനകളിലും ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമല്ലായിരുന്നുവെന്ന് സമര്‍ഥിക്കുമ്പോഴും, സന്ദര്‍ശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസിലാകുന്നുണ്ട്. വിരുന്ന് വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെ തങ്ങളുടെ 'രാഷ്ട്രീയമര്യാദ' മെത്രാന്മാര്‍ കാണിച്ചെന്നാണ് മുഖപ്രസംഗത്തിലെ പരിഹാസം. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ, ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ഥനാഗീതം കേള്‍പ്പിച്ച് മടക്കിയ സഭാനേതൃത്വം അതേ കുറ്റത്തില്‍ നിശ്ശബ്ദ പങ്കാളിയായി.

ഏകശിലാത്മകമായ ഭൂരിപക്ഷാധിപത്യം ഏകാധിപത്യ പ്രവണതകളോടെ ഭാരതത്തില്‍ ചുവടുറപ്പിക്കുന്ന പുതിയ കാലത്ത്, ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകടസാധ്യതകളെക്കുറിച്ച് പുറത്തുപറയുകയെന്ന ഉത്തരവാദിത്വം നിസാരനേട്ടങ്ങള്‍ക്കുവേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ലെന്നും സഭാനേതൃത്വം ഇത് മറന്നുപോകരുതെന്നും മുന്നറിയിപ്പ് നല്‍കിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

വിരുന്ന് വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെ തങ്ങളുടെ 'രാഷ്ട്രീയമര്യാദ' മെത്രാന്മാര്‍ കാണിച്ചെന്നാണ് മുഖപ്രസംഗത്തിലെ പരിഹാസം.

ബിജെപിയോട് ഇന്ത്യയിലെ ക്രൈസ്തവ വിഭാഗത്തിന് ഒരു തരത്തിലുമുള്ള എതിർപ്പുകളുമില്ലെന്നായിരുന്നു സിറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പരാമർശം. ആവശ്യങ്ങൾ നിറവേറ്റുന്ന പാർട്ടികൾക്കൊപ്പമാണ് എന്നും ജനങ്ങളുണ്ടാകുക. അതുകൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്നും ജോർജ് ആലഞ്ചേരി പറഞ്ഞിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കർദിനാളിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in