'ഏകസിവില്‍ കോഡ് മുസ്ലിം വിരുദ്ധ നീക്കം മാത്രമല്ല, ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും': വിമർശനവുമായി സത്യദീപം

'ഏകസിവില്‍ കോഡ് മുസ്ലിം വിരുദ്ധ നീക്കം മാത്രമല്ല, ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും': വിമർശനവുമായി സത്യദീപം

'രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവര്‍ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോള്‍ അത് സത്യമായും ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്.
Updated on
2 min read

ഏക സിവില്‍ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കുകയാണെന്ന് കേരളത്തിലെ കത്തോലിക്കാസഭ എറണാകുളം അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം'. ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന രീതിയിലാണ് സിവില്‍ കോഡ് അവതരിപ്പിക്കപ്പെടുന്നതെന്നും സത്യദീപം പറയുന്നു. ഏകത്വമോ ഏകാധിപത്യമോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സത്യദീപത്തിന്റെ വിമര്‍ശനം.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏകവ്യക്തി നിയമബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കുകയും രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്കുകയും ചെയ്തതോടെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള രാജ്യത്തിന്റെ ഭയാശങ്കകള്‍ യാഥാര്‍ഥ്യമാകുന്നുവെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. ഏക സിവില്‍ കോഡ് മുസ്ലിം വിരുദ്ധ നീക്കം മാത്രമല്ലെന്നും മറ്റ് വിഭാഗങ്ങളെയും ബാധിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

'ഏകസിവില്‍ കോഡ് മുസ്ലിം വിരുദ്ധ നീക്കം മാത്രമല്ല, ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും': വിമർശനവുമായി സത്യദീപം
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം; ഉത്തരാഖണ്ഡിലെ ഏകീകൃത സിവില്‍ കോഡ് വരുത്തുന്ന മാറ്റങ്ങള്‍

''സാംസ്‌കാരികവും പ്രാദേശികവുമായ എല്ലാ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും നിരാകരിച്ച് ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് 'ഇപ്പോള്‍ത്തന്നെ യാഥാര്‍ഥ്യമായ രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവര്‍ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോള്‍ അത് സത്യമായും ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്.

പലപ്പോഴായി പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇത് മുസ്ലിം വിരുദ്ധ നീക്കം മാത്രമല്ലെന്ന് ഇതിന്റെ പ്രയോഗവൈപുല്യം നമ്മെ ബോധ്യപ്പെടുത്തും. ആദിവാസി-ഗോത്ര വിഭാഗങ്ങള്‍, ദളിതര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമം'', എഡിറ്റോറിയലില്‍ പറയുന്നു.

ഏകീകൃത ക്രിമിനല്‍ ചട്ടമുള്ള രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് നിരാകരിക്കണം എന്ന ചോദ്യങ്ങള്‍ക്കും സത്യദീപം മറുപടി നല്‍കുന്നുണ്ട്. ഭരണഘനാ നിര്‍മാണ സമിതി ഏകീകൃതമായ ക്രിമിനല്‍ നിയമങ്ങള്‍ക്കല്ല അനുമതി നല്കിയതെന്ന് സത്യദീപം വ്യക്തമാക്കുന്നു. ജാതിയുടെയും ലിംഗ പദവിയുടെയും അടിസ്ഥാനത്തില്‍ കടുത്തവിവേചനം നില്‍ക്കുന്ന രാജ്യത്ത്, ക്രിമിനല്‍ നിയമത്തിനകത്ത് മര്‍ദിത ചൂഷിത വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന വകുപ്പുകള്‍ മനഃപൂര്‍വം ചേര്‍ക്കുകയും അതനുസരിച്ച് ലിംഗ ജാതി വ്യത്യാസാടിസ്ഥാനത്തില്‍ ശിക്ഷകളെയും പലതാക്കുകയുമായിരുന്നുവെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

'ഏകസിവില്‍ കോഡ് മുസ്ലിം വിരുദ്ധ നീക്കം മാത്രമല്ല, ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും': വിമർശനവുമായി സത്യദീപം
'എല്ലാവര്‍ക്കും തുല്യ അവകാശം'; ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്, ആദ്യ സംസ്ഥാനം

വ്യക്തിനിയമങ്ങളെ സാമാന്യവത്ക്കരിച്ച് ഏകീകരിക്കാതെ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും അതിന്റെ ഏറ്റവും നല്ല തെളിവാണ് മുത്തലാഖ് നിരോധന നിയമമെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. ''പ്രായോഗികമായി അനവധി പ്രയാസങ്ങളും സങ്കീര്‍ണമായ സാഹചര്യങ്ങളും അനിവാര്യമെന്നുറപ്പുള്ള ഏകീകൃത നിയമ നീക്കം അടിസ്ഥാനപരമായി അനീതിപരമാണ്. സാംസ്‌കാരിക ഏകീകരണത്തിലൂടെ രാഷ്ട്രീയ ഏകീകരണത്തെ ലക്ഷ്യമാക്കിയപ്പോള്‍ സംഭവിച്ചതാണ് നാസിസവും ഫാസിസവും. ഒരു ഭാഷ, ഒരു മതം ഒരു തിരഞ്ഞെടുപ്പ് എന്നീ ഏകീകരണ വഴിയിലേക്ക് ഏകവ്യക്തിനിയമം എന്ന പുതിയ അസംബന്ധം കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഫെഡറല്‍ സ്വഭാവ സവിശേഷതയാര്‍ന്ന രാഷ്ട്രശരീരത്തെയാണ് ഒരുപോലെയാക്കാന്‍ വികലമാക്കുന്നത് എന്നത് മറക്കരുത്'', എന്ന് ഓര്‍മിപ്പിച്ചാണ് സത്യദീപം എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in