ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ എസ് ടി വിഭാഗത്തിന് 'അയിത്തം'

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ എസ് ടി വിഭാഗത്തിന് 'അയിത്തം'

പല വകുപ്പുകളിലായി 54 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ, ഒക്ടോബർ ആറിന് മുൻപ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു
Updated on
3 min read

ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാതെയും സാങ്കേതികതയിൽ പിടിച്ചുതൂങ്ങിയും കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെഎഎസ്) പട്ടികവർഗ വിഭാഗക്കാർക്ക് അവസരം നിഷേധിച്ച് സർക്കാർ. ഒന്നാം പിണറായി സർക്കാരിന്റെ ഭരണനേട്ടമായി വിലയിരുത്തപ്പെട്ട കെഎഎസിൽ പട്ടികവർഗ വിഭാഗത്തിലെ ഒരാൾക്ക് പോലും നിയമനമില്ല. പ്രശ്നം മറികടക്കാനുള്ള പട്ടികജാതി-വർഗ കമ്മിഷന്റെ നിർദേശങ്ങൾക്കു സർക്കാർ കൽപ്പിക്കുന്നത് പുല്ലുവില.

പിഎസ് സിയുടെ വെബ്‌സൈറ്റ്
പിഎസ് സിയുടെ വെബ്‌സൈറ്റ്

സ്ട്രീം രണ്ടിലെയും മൂന്നിലേയും ആദ്യ 35 റാങ്കുകളിൽ പട്ടിക വർഗത്തിൽനിന്നുള്ള രണ്ട് പേരുണ്ടായിട്ടും ഇരുവരും പുറത്തുനിൽക്കുന്ന അവസ്ഥയാണ്. പിഎസ് സി പിന്തുടരുന്ന റൊട്ടേഷൻ (റോസ്റ്റർ) സംവിധാനമാണ് ഈ പുറംതള്ളലുകൾക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പിഎസ് സി കാലങ്ങളായി സ്വീകരിച്ചുപോരുന്ന ഈ സംവിധാന പ്രകാരം, 4, 12, 24, 32 എന്നിങ്ങനെയുള്ള ഊഴങ്ങൾ പട്ടികജാതി വിഭാഗത്തിനും 44, 92 എന്നീ ഊഴങ്ങൾ പട്ടിക വർഗത്തിനുമായിട്ടാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിലെ പ്രശ്നങ്ങള്‍ മറികടക്കാനുള്ള നിർദേശങ്ങൾ പട്ടികജാതി-വർഗ കമ്മിഷന്‍ നല്‍കിയിരുന്നെങ്കിലും സർക്കാരിന് അനക്കമില്ല.

കൂടുതൽ ഒഴിവുകൾ കെഎഎസ് ഓഫീസർ തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്താൽ മാത്രമേ പട്ടികവർഗത്തിൽ നിന്നുള്ളവർക്ക് ഇനി അവസരം നൽകാനാകുയെന്നായിരുന്നു പിഎസ്‌സിയുടെ വാദം. എന്നാൽ ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതിന് തെളിവാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് (റാങ്ക് പട്ടിക അവസാനിക്കുന്നതിന് എട്ട് ദിവസം മുൻപ്) കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ പുറപ്പെടുവിച്ച ഉത്തരവ്.

പല വകുപ്പുകളിലായി 54 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ ട്രിബ്യുണൽ, ഒക്ടോബർ ആറിന് മുൻപ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിട്ടു. എന്നാൽ ഉത്തരവ് സർക്കാർ പാലിച്ചിരുന്നില്ല. ഇതേത്തുടർന്ന് സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഹർജിക്കാർ ട്രിബ്യൂണലിനെ. ഇതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തതായി സർക്കാർ അറിയിച്ചു.

അവരവരുടെ താത്പര്യം സംരക്ഷിക്കുന്ന തിരക്കിൽ ഇരുട്ടിൽ കഴിയുന്ന ആദിവാസികളുടെ കാര്യം ആരും ശ്രദ്ധിക്കാതെ പോയതിൽ അദ്ഭുതപ്പെടാനില്ല. ഈ സാഹചര്യത്തിൽ നിസ്സംഗരായിരിക്കാൻ കഴിയില്ല
പട്ടികജാതി/ പട്ടികവർഗ കമ്മീഷന്‍

കെഎഎസിന്റെ ആദ്യഘട്ട പരീക്ഷ 2020 ഫെബ്രുവരിയിലും മെയിൻസ് പരീക്ഷ 2021 ജനുവരിയിലുമാണ് പൂർത്തിയായത്. പിന്നാലെ 2021 ഒക്ടോബറിൽ അന്തിമ റാങ്ക് പട്ടികയും പിഎസ് സി പുറപ്പെടുവിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ എട്ടിനാണ് റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായത്.

105 ഒഴിവുകളിലേക്കുള്ള പട്ടികയിൽ മൂന്ന് സ്ട്രീമുകളിലായി 35 വീതം പേരെയാണ് നിയമിച്ചത്. ആദ്യ സ്ട്രീമിൽ 21-32 വയസ്സിനിടയിലുള്ളവർ, രണ്ടാം സ്ട്രീമിൽ ഗസറ്റഡല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ, മൂന്നാം സ്ട്രീമിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണ് തരം തിരിച്ചിരുന്നത്. പിഎസ് സിയുടെ റൊട്ടേഷൻ നിയമപ്രകാരം 44-ാമത്തെയും 92-ാമത്തെയും ഊഴമാണ് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ളത്. ഓരോ സ്ട്രീമിൽ നിന്ന് 35 പേരെ വീതമാണ് നിയമിക്കുന്നതെന്നതിനാൽ പട്ടികവർഗത്തിൽനിന്നുള്ള ഒരാൾക്ക് ജനറൽ കാറ്റഗറിയിലെ ആദ്യ 18 റാങ്കിൽ വന്നാൽ മാത്രമേ അന്തിമ റാങ്ക് പട്ടികയിൽ ഇടം നേടാനാകൂ.

പട്ടിജാതി/ വർഗ കമ്മീഷന്റെ ഉത്തരവ്
പട്ടിജാതി/ വർഗ കമ്മീഷന്റെ ഉത്തരവ്

പട്ടികവർഗ ഉദ്യോഗാർത്ഥികൾ നേരിടുന്ന ഈ വിഷയം ചൂണ്ടിക്കാട്ടി, പരാതിയിൽ പ്രശ്നത്തിനൊരു പരിഹാരമെന്ന നിലയിൽ പട്ടികജാതി/വർഗ കമ്മിഷൻ 2021 ഒക്ടോബർ 26ന് പുറത്തിറക്കിയ ഉത്തരവിൽ മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ആദ്യ 20 പേരിൽ ഒരു സ്ഥാനം പട്ടികവർഗ വിഭാഗത്തിന് നൽകുക, മൂന്ന് സ്ട്രീമുകളിൽ ഓരോന്നിലും 35ന് പകരം ചുരുങ്ങിയത് 50 തസ്തികളിലേക്കെങ്കിലും നിയമനം നടത്താൻ നടപടി സ്വീകരിക്കുക, ഈ രണ്ട് നിർദേശങ്ങളും പാലിക്കാൻ കാലതാമസമെടുക്കുന്ന പക്ഷം ഓരോ സ്ട്രീമിലും അധിക തസ്തിക പ്രത്യേകം സൃഷ്ടിച്ച് എസ്ടി വിഭാഗത്തിൽനിന്നുള്ള ഒരാൾക്ക് നിയമനം നൽകുക എന്നിവയായിരുന്നു നിർദേശങ്ങൾ. എന്നാൽ ഇതൊന്നും സർക്കാരിന്‍റെ പരിഗണനയില്‍ പോലും വന്നിട്ടില്ല എന്നതാണ് വാസ്തസവം.

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ പുറപ്പെടുവിച്ച ഉത്തരവ്
കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ പുറപ്പെടുവിച്ച ഉത്തരവ്

കെഎഎസ് ചട്ടങ്ങളുടെ രൂപീകരണപ്രക്രിയയിൽ ധിഷണാശാലികളായ ഉദ്യോഗസ്ഥനേതൃത്വത്തിന് ഇത് തിരിച്ചറിയാനുള്ള ദീർഘവീക്ഷണം ഉണ്ടായില്ലെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി. 'അവരവരുടെ താത്പര്യം സംരക്ഷിക്കുന്ന തിരക്കിൽ ഇരുട്ടിൽ കഴിയുന്ന ആദിവാസികളുടെ കാര്യം ആരും ശ്രദ്ധിക്കാതെ പോയതിൽ അദ്ഭുതപ്പെടാനില്ല. ഈ സാഹചര്യത്തിൽ നിസ്സംഗരായിരിക്കാൻ കമ്മിഷന് കഴിയില്ല' എന്നായിരുന്നു ഉത്തരവിലെ കമ്മിഷന്റെ നിരീക്ഷണം.

കോടതിയലക്ഷ്യ കേസ്
കോടതിയലക്ഷ്യ കേസ്

റാങ്ക് പട്ടികയുടെ കാലാവധി തീരും മുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ട്രിബ്യുണൽ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്ന് തെളിയിക്കുന്നതാണ് കോടതിയലക്ഷ്യ കേസ്. ഇനിയുള്ള 54 ഒഴിവുകൾ കാലാവധി തീർന്ന പട്ടികയിൽനിന്ന് നികത്തണമോ അതോ പുതിയ പരീക്ഷ നടത്തിയെടുക്കുന്ന പട്ടികയിൽനിന്ന് വേണമോ എന്നതില്‍ കോടതി കൈക്കൊള്ളുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കഴിഞ്ഞ പട്ടികയിൽ ആദ്യ 35 റാങ്കിനുള്ളിലുള്ള പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഭാവി.

ഭരണനിർവഹണം കാര്യക്ഷമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെഎഎസ് ആവിഷ്കരിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാരിന് കഴിയാതെ പോയ പദ്ധതി ഒന്നാം പിണറായി സർക്കാർ വന്നതോടെ പ്രാവർത്തികമാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in