വായനയുടെ വസന്തം;
പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക്  ലൈബ്രറികളിൽ സൗജന്യ അംഗത്വം

വായനയുടെ വസന്തം; പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് ലൈബ്രറികളിൽ സൗജന്യ അംഗത്വം

പ്രായഭേദമന്യേ എല്ലാവർക്കും ലൈബ്രറി അംഗത്വം എടുക്കാവുന്നതാണ്
Updated on
1 min read

പട്ടിക ജാതി- വർഗ വിഭാഗങ്ങൾക്ക് സ്റ്റേറ്റ് കൗൺസിലിൻ്റെ പരിധിലുള്ള എല്ലാ ലൈബ്രറികളിലും ഇനിമുതൽ സൗജന്യ അംഗത്വം. വായന ശീലം സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രായഭേദമന്യേ എല്ലാവർക്കും ലൈബ്രറി അംഗത്വം എടുക്കാവുന്നതാണ്. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. പകരം പട്ടികജാതി പട്ടികവർഗ പ്രൊമോട്ടർമാർ നൽകുന്ന സാക്ഷ്യപത്രം നൽകണം. ലൈബ്രറി സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ പുതിയത് ആരംഭിക്കാനും, നിലവിലുള്ളത് ശക്തിപ്പെടുത്താനും, പട്ടിക ജാതി- വർഗ വകുപ്പിൻ്റെ പരിധിയിൽ വരുന്ന അടിസ്ഥാന സൗകര്യമുള്ള കെട്ടിടങ്ങൾ ഉപയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.

പട്ടിക ജാതി- വർഗ വകുപ്പ് സംസ്ഥാന ലൈബ്രറി കൗൺസിലുമായി ചേർന്ന യോഗത്തിലെ മറ്റ് തീരുമാനങ്ങൾ ഇങ്ങനെ;

ലൈബ്രറി കൗൺസിലിൻ്റെ കീഴിൽ അല്ലാത്ത സ്റ്റേറ്റ് പബ്ലിക് ലൈബ്രറി സ്വകാര്യ ലൈബ്രറികൾ എന്നിവയിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ചനടത്താൻ വകുപ്പ് ഡയറക്ടർമാരെ ചുമതലപ്പെടുത്തും.

ലൈബ്രറി കൗൺസിലിൻ്റെ പങ്കാളിത്തത്തോടെ പട്ടികജാതി വികസന വകുപ്പിന് കീഴിലെ 210 വിജ്ഞാൻവാടികളിലെ ലൈബ്രറികൾ വിപുലീകരിക്കണം. പുസ്തക വായന, ചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദം, പുസ്തകരചന കളരികൾ, പൊതുവിജ്ഞാനം വർധിപ്പിക്കാൻ ഉതകുന്ന പ്രഭാഷണങ്ങൾ, പിഎസ്‌സി പരീക്ഷാ ചർച്ചകൾ തുടങ്ങിയവ സംയുക്തമായി സംഘടിപ്പിക്കേണ്ടതാണ്. ഇതിനായി എല്ലാ മാസവും ഇവൻ്റ് കലണ്ടർ മുൻകൂറായി തയ്യാറാക്കണം.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള 54 പഠന മുറികളിലും ലൈബ്രറി കൗൺസിലിൻ്റെ പങ്കാളിത്തത്തോടെ പുസ്തക ശേഖരണം തുടങ്ങണം.

ലൈബ്രറി സൗകര്യമില്ലാത്ത പട്ടികജാതി, പട്ടികവർഗ മേഖലയിൽ കമ്മ്യൂണിറ്റി റീച്ച് ഔട്ട് എന്ന രീതിയിൽ ലൈബ്രറി കൗൺസിലിൻ്റെ പങ്കാളിത്തത്തോടെ വകുപ്പിന് കീഴിൽ ലൈബ്രറികൾ തുടങ്ങുന്നതിനും അവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങേണ്ടതാണ്.പുസ്തകങ്ങൾ ലൈബ്രറി കൗൺസിലും, അടിസ്ഥാന സൗകര്യങ്ങൾ ഭരണ വകുപ്പും ഒരുക്കണം.

അടിസ്ഥാന സൗകര്യമുള്ള ഒഴിഞ്ഞുകിടക്കുന്നതോ, പൂർണമായും ഉപയോഗിക്കാതെ കിടക്കുന്നതോ ആയ വകുപ്പിന് കീഴിലുള്ള കെട്ടിടങ്ങളിൽ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് വായനശാലകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

ഇതിന് പുറമേ നിലവിൽ കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യമുള്ള ഇടങ്ങളിൽ ഓൺലൈൻ/ ഡിജിറ്റൽ ലൈബ്രറി ഉപയോഗവും സജ്ജമാക്കണം. പട്ടികജാതി വികസന വകുപ്പ് വെർച്വൽ ക്ലാസ് റൂം സൗകര്യമൊരുക്കുന്ന കെട്ടിടങ്ങളിൽ ഇത്തരത്തിൽ കൺവെർജെൻസ് സാധ്യമാക്കണം.

logo
The Fourth
www.thefourthnews.in