കനത്ത മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കനത്ത മഴയുടെ പശ്ചാത്തലത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ( ജൂണ്‍ 27) വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടി മുതല്‍ പ്രൊഫഷല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പുയരുകയാണ്. ഈ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു. മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ മഴക്കെടുത്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിലാണ് കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാറില്‍ വീടിന് മുകളിലേക്ക് കരിങ്കല്‍ഭിത്തിയിടിഞ്ഞുവീണു. ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വടക്കാഞ്ചേരിയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് പരുക്കേറ്റു. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
എറണാകുളം ആലുവയില്‍ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി. പെരിയാറിന്റെ തീരത്താണ് സംഭവം. ആലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കൊല്ലം ഓച്ചിറയില്‍ പരബ്രഹ്മക്ഷേത്രത്തിലെ അന്നദാന ഹാളിന്റെ ഒരു ഭാഗം തകര്‍ന്നു. എറണാകുളം പൂതൃക്കയില്‍ മണ്ണിടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. കണ്ണൂരില്‍ പലയിടത്തും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഇടുക്കിയില്‍ രാത്രിയാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി.