സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; 'കുഞ്ഞ് കൈകളിലെ നന്മ'യെന്ന് ആലപ്പുഴ കളക്ടര്‍

സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; 'കുഞ്ഞ് കൈകളിലെ നന്മ'യെന്ന് ആലപ്പുഴ കളക്ടര്‍

ആലപ്പുഴ കൃഷ്ണപുരം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഈ വലിയ മനസിന്റെ ഉടമ
Updated on
1 min read

സ്‌കോളര്‍ഷിപ്പായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി. ആലപ്പുഴ കൃഷ്ണപുരം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഈ വലിയ മനസിന്റെ ഉടമ. ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണ് തനിക്ക് ലഭിച്ച നന്മനിറഞ്ഞ സംഭാവനയുടെ വിവരം പങ്കുവച്ചത്. കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

ഈ കുഞ്ഞ് പ്രായത്തില്‍ ചെയ്ത വലിയ കാര്യം എന്ന അഭിനന്ദനത്തോടെയാണ് തനിക്ക് ലഭിച്ച സംഭാവനയെ കുറിച്ച് കളക്ടര്‍ വിവരങ്ങള്‍ പങ്കുവയ്ച്ചത്. തുക കൈമാറിയ കവറിന്റെ ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റ്.

കളക്ടറുടെ പോസ്റ്റ് പൂര്‍ണരൂപം-

വളരെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം കഴിഞ്ഞ ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായി. കൃഷ്ണപുരം ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. ഇതിനിടെയാണ് കുഞ്ഞ് കൈകളില്‍ ഇറുക്കിപ്പിടിച്ചൊരു കവറുമായി ഒരു മോന്‍ എന്റെയടുത്തേക്ക് ഓടി വരുന്നത്. വന്നപാടെ മോന്‍ ഈ കവര്‍ എന്റെ കൈയ്യില്‍ തന്നു.

'ഇതെനിക്ക് സ്‌കോളര്‍ഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണേ' - എന്ന് മോന്‍ എന്നോട് പറഞ്ഞു. ഈ കുഞ്ഞ് പ്രായത്തില്‍ ഈ മോന് ഇത്ര വലിയ കാര്യം ചെയ്യാനായല്ലോ.. തീര്‍ച്ചയായും മോന്റെ മനസിന്റെ വലുപ്പം കൊണ്ട് മാത്രമാണിത് സാധ്യമായത്. മോന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

logo
The Fourth
www.thefourthnews.in