വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകി, അറസ്റ്റിലേക്ക്
പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ രണ്ട് നഴ്‌സുമാര്‍ എന്നിവരെ പ്രതിയാക്കി കോടതിയില്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നതിനാല്‍ പ്രതികള്‍ ഹാജരാകുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.
2017 നവംബര്‍ 30ന് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റസിഡന്റ്, രണ്ട് നഴ്‌സുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ഹര്‍ഷിന നല്‍കിയ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് മാസം കൊണ്ടാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വയറ്റിലെ കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെയാണെന്ന് കണ്ടെത്തിയെങ്കിലും ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു.
അതേസമയം പോലീസ് ആ നിലപാട് മാറ്റിയില്ലെന്ന് മാത്രമല്ല നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിയ പോലീസ് നടപടിക്രമങ്ങളില്‍ നിയമോപദേശം തേടുകയും ചെയ്തു. പോലീസിന്റെ അന്വേഷണവും അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നായിരുന്നു നിയമോപദേശം.