ദുഷ്‌കരം, സാഹസികം; പകലും രാവും പിന്നിട്ട് ആമയിഴഞ്ചാന്‍ തോട്ടിലെ തിരച്ചില്‍, പാറക്കെട്ടുകളും മാലിന്യവും വെല്ലുവിളി

ദുഷ്‌കരം, സാഹസികം; പകലും രാവും പിന്നിട്ട് ആമയിഴഞ്ചാന്‍ തോട്ടിലെ തിരച്ചില്‍, പാറക്കെട്ടുകളും മാലിന്യവും വെല്ലുവിളി

അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും തൊഴിലാളിയെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അധികൃതര്‍
Updated on
2 min read

തിരുവനന്തപുരം നഗര ഹൃദയത്തില്‍ ശുചീകരണത്തൊഴിലാളി മാലിന്യം നിറഞ്ഞ ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. ശനിയാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു മാരായമുട്ടം ജോയി എന്ന ക്രിസ്റ്റഫര്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് കീഴിലുള്ള തുരങ്കസമാനമായ ഭാഗത്ത് അകപ്പെട്ടത്. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും തൊഴിലാളിയെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അധികൃതര്‍.

മുന്ന് പേരാണ് ഇതുവരെ കനാലില്‍ ഇറങ്ങി പരിശോധന നടത്തിയത്. പ്ലാറ്റ് ഫോമിലെ ട്രെയിനുകള്‍ ഉള്‍പ്പെടെ മാറ്റിയാണ് പരിശോധന നടത്തുന്നത്

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഒരു പരിധിക്കപ്പുറം മുന്നോട്ട് പോകാതിരുന്നതോടെ ദേശീയ ദുരന്ത പ്രതികരണ സേന ദൗത്യം ഏറ്റെടുത്തിരുന്നു. റോബോട്ടിക് സാങ്കേതിക വിദ്യ ഉള്‍പ്പെടെ എത്തിച്ച് നടത്തുന്ന തിരച്ചില്‍ പക്ഷേ പ്രതിസന്ധികള്‍ ഏറെയാണ് എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍ക്ക് അടിയിലെ തുരങ്ക സമാനമായ ഭാഗത്തെ പാറക്കെട്ടുകളും അടിഞ്ഞുകൂടിയ മാലിന്യങ്ങളുമാണ് തിരിച്ചലിന് വെല്ലുവിളിയാകുന്നതെന്ന് കനാലില്‍ ഇറങ്ങി പരിശോധന നടത്തിയ സ്‌കൂബ സംഘാംഗങ്ങള്‍ പറയുന്നു. മുന്ന് പേരാണ് ഇതുവരെ കനാലില്‍ ഇറങ്ങി പരിശോധന നടത്തിയത്. പ്ലാറ്റ് ഫോമിലെ ട്രെയിനുകള്‍ ഉള്‍പ്പെടെ മാറ്റിയാണ് പരിശോധന നടത്തുന്നത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്ലാറ്റ് ഫോമുകള്‍ക്കടിയില്‍ പരിശോധന നടത്തി. എന്നാല്‍ ജോയിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അപകടം നടന്ന തുരങ്കമുഖത്തിന് സമീപം റോബോട്ടിനെ ഇറക്കി പരിശോധിക്കാനാണ് ഇപ്പോഴുള്ള ശ്രമം. റെയില്‍വേ സ്റ്റേഷനിലെ മാന്‍ ഹോളുകള്‍ തുറന്ന് നാല്‍പത് മീറ്റളോളം ദുരത്തിലാണ് സ്‌കൂബ സംഘം പരിശോധന നടത്തിയത്. മുങ്ങല്‍ വിദഗ്ദര്‍ ഉള്‍പ്പെടെ മുപ്പത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

ജില്ലാ കളക്ടര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മേയര്‍, എംഎല്‍എ എന്നിവരും സ്ഥലത്തുണ്ട്. രക്ഷാദൗത്യം 24 മണിക്കൂര്‍ പിന്നിടുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തലയോഗം ചേര്‍ന്നു. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

ദുഷ്‌കരം, സാഹസികം; പകലും രാവും പിന്നിട്ട് ആമയിഴഞ്ചാന്‍ തോട്ടിലെ തിരച്ചില്‍, പാറക്കെട്ടുകളും മാലിന്യവും വെല്ലുവിളി
രക്ഷാദൗത്യം എന്‍ഡിആര്‍എഫിന്, ആമയിഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിനത്തിലേക്ക്

അതിനിടെ, ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശാനുസരണം നിയോഗിച്ചു. ഓക്സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കും. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഡോക്സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകളും നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഐസിയു സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രത്യേകമായി ക്രമീകരിച്ച് എമര്‍ജന്‍സി റെഡ് സോണ്‍ സജ്ജമാക്കി.

logo
The Fourth
www.thefourthnews.in