വീടോരം കടല്‍; ദുരിതത്തിൽ പൊഴിയൂർ തീരം
തിരുവനന്തപുരം പൊഴിയൂര്‍ തീരത്ത് കടലാക്രമണം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടലേറ്റത്തില്‍ പൊഴിയൂര്‍ കൊല്ലംകോട് മുതല്‍ പരുത്തിയൂര്‍ വരെയുള്ള റോഡിന്റെ മുക്കാല്‍ ഭാഗവും കടലെടുത്തു. തീരത്തെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന അന്തര്‍ സംസ്ഥാന തീരദേശ റോഡ് ആയ തെക്കേ കൊല്ലം റോഡ് ഫിഷര്‍മാന്‍ കോളനി പരിസരത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി.
മത്സ്യത്തൊഴിലാളികളുടെ വീടുകളും ശക്തമായ വേലിയേറ്റത്തില്‍ നിലംപതിച്ചു. ചില വീടുകളുടെ പകുതിയും തിര കൊണ്ടുപോയി. 35 കുടുംബങ്ങളില്‍ നിന്നായി 80ല്‍ അധികംപേരെ കൊല്ലംകോട് സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കടല്‍ താരതമ്യേന ശാന്തമായെങ്കിലും കാലവര്‍ഷം കടുക്കുന്നതോടെ മേഖലയില്‍ കടലാക്രമണ ഭീഷണിയുണ്ടാകും. കടല്‍ ഭിത്തിയുണ്ടാക്കുക എന്നത് മാത്രമാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.