രണ്ടാം ഘട്ട ട്രയല്‍ റണ്ണില്‍ വന്ദേഭാരത്
വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാംഘട്ട ട്രയൽ റൺ ആരംഭിച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 5.20നാണ് വന്ദേഭാരത് രണ്ടാംഘട്ട ട്രയൽ റൺ ആരംഭിച്ചത്. ഉച്ചയോടെ കാസർഗോഡ് എത്തി രാത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തും. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാസർഗോഡ് വരെയാണ് രണ്ടാംഘട്ട ട്രയൽ റൺ നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയായിരുന്നു തിങ്കളാഴ്ച ഒന്നാംഘട്ട ട്രയൽ റൺ നടത്തിയത്.
നേരത്തെ തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെ സർവീസ് നടത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വന്ദേഭാരത് സർവീസ് കാസർഗോഡ് വരെ നീട്ടിയതായി ഇന്നലെ റെയിൽവേ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കാസർഗോഡ് വരെ ട്രയൽ റൺ നടത്തുന്നത്.
തിങ്കളാഴ്ച നടത്തിയ ട്രയൽ റണ്ണിൽ 7 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. അന്ന് വന്ദേഭാരത്തിന്റെ ട്രയൽ റണ്‍ നടന്നത് കൊണ്ട് നിരവധി പാസഞ്ചർ ട്രെയിനുകൾ സമയം വൈകിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാകും ഇന്ന് ട്രയൽ റണ്‍ നടത്തുക. വരും ദിവസങ്ങളിലും ട്രയൽ റൺ ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.