ആർഎസ്എസിന്റെ കൊലവിളി മുദ്രാവാക്യം: പി ജയരാജന്റെയും എ എന്‍ ഷംസീറിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു
ആര്‍എസ്എസിന്റെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് പി ജയരാജന്റേയും സ്പീക്കര്‍ എ എന്‍ ഷംസീറിന്റെയും പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഇരുവരുടെയും പൊതുപരിപാടികള്‍ക്ക് സുരക്ഷ കൂട്ടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിക്കും.
കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി പള്ളൂരില്‍ ആര്‍എസ്എസ് നടത്തിയ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് തീരുമാനം. ''ഹിന്ദുക്കളുടെ നേരെ വന്നാല്‍ കയ്യും കൊത്തി, കാലും കൊത്തി കാളീപൂജ നടത്തും ഞങ്ങള്‍'' എന്നായിരുന്നു ആര്‍എസ്എസിന്റെ മുദ്രാവാക്യം. ശാസ്ത്രീയ ചിന്തകളുണ്ടാകേണ്ടതിനെക്കുറിച്ച് എറണാകുളത്തെ ഒരു സ്‌കൂളിലെ ശാസ്ത്രമേളയ്ക്കിടെ എ എന്‍ ഷംസീര്‍ നടത്തിയ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
ഷംസീറിന്റെ പ്രസംഗം ഹിന്ദുത്വ വിരുദ്ധമെന്ന് വ്യാഖ്യാനിച്ച് തലശ്ശേരിയിലെ എംഎല്‍എ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. അവിടെ വച്ച് സ്പീക്കര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലാണെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. ഇതോടെയാണ് കൂടുതല്‍ ബിജെപി നേതാക്കള്‍ പ്രകോപനപരമായ പ്രതികരണവുമായി രംഗത്തെത്തിയത്.
ഇതിനുപിന്നാലെയാണ് വീണ്ടും പള്ളൂരില്‍ ആര്‍എസ്എസ് പ്രകടനത്തില്‍ ജയരാജനും ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയത്. ''മോര്‍ച്ചറി ഞങ്ങളൊരുക്കുന്നുണ്ട് നിനക്കുവേണ്ടി ജയരാജാ, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചോ... ഹിന്ദുക്കളുടെ നേരെ വന്നാല്‍ കയ്യും കൊത്തി കാലും കൊത്തി കാളീപൂജ നടത്തും ഞങ്ങള്‍, ഓര്‍ത്ത് കളിച്ചോ ഷംസീറേ... ഓര്‍ത്ത് കളിച്ചോ ജയരാജാ...ഒറ്റക്കയ്യാ ജയരാജാ...''എന്നിങ്ങനെയായിരുന്നു കൊലവിളി.