മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. ഉദുമ മുന്‍ എംഎല്‍എയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. ഒരു കാലത്ത് ടെലിവിഷന്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖവുമായികുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപം വച്ചാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡി സി സിയുടെ പരിപാടി കഴിഞ്ഞ് കുഞ്ഞിക്കണ്ണന്‍ പയ്യന്നൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിര്‍വശത്ത് നിന്നെത്തിയ ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ദേശീയപാതാ നിര്‍മാണ സൈറ്റിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. അന്നു മുതല്‍ കുഞ്ഞിക്കണ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.