മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് അവയവദാനം: ലേക്‌ഷോര്‍ ആശുപത്രിക്കും 8
ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്

മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് അവയവദാനം: ലേക്‌ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്

പരാതിക്കാരന്റെ വാദം മാത്രം കേട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും നിരപരാധിത്വം കോടതിയെ ബോധിപ്പിക്കുമെന്നും ലേക് ഷോർ ആശുപത്രി
Updated on
2 min read

വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്തെന്ന പരാതിയില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എല്‍ദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Attachment
PDF
CMP 1004.2021 COGNIZANCE ORDER.pdf
Preview

ബൈക്കപകടത്തില്‍പ്പെട്ട അബിൻ വി ജെയുടെ അവയവങ്ങള്‍ മലേഷ്യന്‍ പൗരനാണ് ദാനം ചെയ്തത്. 2009 നവംബര്‍ 29 നാണ് അപകടം നടന്നത്. കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്‌ഷോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയില്‍ രക്തം കട്ടപിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ ഇരു ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേരി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു.

18 കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ . പി സഞ്ജയ്, ബസേലിയസ് ആശുപത്രിയിലേയും ലേക്‌ഷോർ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ മതിയായ ചികിത്സ യുവാവിന് നല്‍കിയില്ലെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു. രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് നിയമമനുശാസിക്കുന്ന രീതിയില്‍ പരിശോധിച്ചല്ല പ്രഖ്യാപിച്ചതെന്നും കോടതിയിൽ മൊഴി നല്‍കി. രോഗിയെ പരിശോധിക്കാതെ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ അക്കാര്യം ഒപ്പിട്ടു നല്‍കിയെന്നാണ് മൊഴി. ഡോ. പി സഞ്ജയ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫോറസന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

പരുക്കേറ്റ 18 കാരനെ ആദ്യം പ്രവേശിപ്പിച്ച മാര്‍ ബസേലിയസ് ആശുപത്രിയിലും പിന്നീട് പ്രവേശിപ്പിച്ച ലേക് ഷോര്‍ ആശുപത്രിയിലും കാര്യമായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ വിഷയം . തലയില്‍ കട്ടപിടിച്ച രക്തം നീക്കംചെയ്യാന്‍ നടപടിയുണ്ടായില്ലെന്ന് ചികിത്സാരേഖകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ കോടതിയില്‍ മൊഴിനല്‍കി. പത്രവാര്‍ത്തകളിലൂടെയാണ് ഗണപതി അബിന്റെ മരണത്തെയും പിന്നീടുള്ള അവയവദാനത്തെക്കുറിച്ചും അറിഞ്ഞത്. ഡോക്ടര്‍മാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയാണ് അവയവം ദാനം ചെയ്തതെന്നും ഇതുവഴി ആശുപത്രി വന്‍ തുക കരസ്ഥമാക്കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ടിലെ 22(1) വകുപ്പ് പ്രകാരമാണ് പരാതി നല്‍കിയത്. ബന്ധപ്പെട്ട അധികാരികള്‍ക്കുമുന്നില്‍ തെളിവ് ഹാജരാക്കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വകുപ്പിലെ ഡോക്ടര്‍ തോമസ് ഐപ്പിന്റെ സഹായം തേടി.

മാനദണ്ഡങ്ങള്‍ പാലിച്ചല്ല, അവയവദാന ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. തോമസ് ഐപ്പും കോടതിയെ അറിയിച്ചു. ഈ മൊഴികളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ അവയവദാന വകുപ്പിലെ വിവിധ വ്യവസ്ഥകള്‍ അനുസരിച്ച് തുടര്‍ നടപടിക്കാണ് കോടതി ഉത്തരിവിട്ടത്.

ലേക് ഷോർ ആശുപത്രിയുടെ വിശദീകരണം 

ആരോപണങ്ങൾ ലേക് ഷോർ ആശുപത്രി അധികൃതർ നിഷേധിച്ചു. പരാതിക്കാരന്റെ വാദം മാത്രം കേട്ട് അന്വേഷണത്തിന് ഉത്തരവിടുകയാണ് കോടതി ചെയ്തിരിക്കുന്നത് എന്നും ആശുപത്രിയുടെ നിരപരാധിത്വം കോടതിയെ ബോധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ലേക് ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുല്ല അറിയിച്ചു.

അപകടത്തിൽ പരുക്കേറ്റ അബിനെ പരിശോധിച്ച ന്യൂറോ സർജന് പരുക്ക് ഗുരുതരമാണെന്നും സുഖപ്പെടുത്താനാകാത്തവിധം രൂക്ഷമായ, സ്ഥിരമായ ക്ഷതം തലച്ചോറിന് ഏറ്റുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. “ഹ്യൂമൻ ഓർഗൻ ട്രാൻസ്പ്ലാന്റ് റൂളുകൾ അനുസരിച്ചുള്ള എല്ലാ ടെസ്റ്റുകളും നടത്തിയിരുന്നു. അവയവദാനത്തിനുള്ള സമ്മതപത്രം അബിന്റെ അമ്മ ഒപ്പിട്ടു നൽകിയിരുന്നു. അക്കാലത്ത് അവയവദാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന സർക്കാർ ഏജൻസിയായ സൊസൈറ്റി ഫോർ ഓർഗൻ റിട്രീവൽ ആൻഡ് ട്രാൻസ്‌പ്ലാന്റേഷൻ രേഖാമൂലം നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്,” ആശുപത്രി അധികൃതർ വ്യക്തമാക്കി. 

logo
The Fourth
www.thefourthnews.in