ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര ആരോപണങ്ങള്‍; ഗോപാലകൃഷ്ണന്‍ ശ്രമിച്ചത് വര്‍ഗീയ ധ്രുവീകരണത്തിന്, ചരിത്രത്തിലാദ്യം
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. കേരളത്തിലെ ഐഎഎസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതെന്ന പരാമര്‍ശമുള്ളത്. മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചത് ഗോപാലകൃഷ്ണന്‍ തന്നെയാണ് എന്നാണ് കണ്ടെത്തലുകള്‍. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ഫോണ്‍ ഹാക്ക് ചെയ്‌തെന്ന വാദവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.
ഐഎഎസുകാര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുകയും ഐക്യം തകര്‍ക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. 'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതിലൂടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജാതീയ വേര്‍തിരിവിനാണ് ഗോപാലകൃഷ്ണന്‍ ലക്ഷ്യമിട്ടതെന്നും ഉത്തരവില്‍ പറയുന്നു. അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് ഗോപാലകൃഷ്ണനെതിരേയുള്ളത്. സാധാരണജനവിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ഇത്തരത്തില്‍ വര്‍ഗീയ ചേരിതിരിവിന് പരസ്യമായി ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് ഗുരുതര കുറ്റമാണ്. ആ കുറ്റമാണ ഇപ്പോള്‍ രാജ്യത്തെ ഉന്നത സര്‍വീസായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത്. ഇത് സസ്‌പെന്‍ഷനില്‍ മാത്രം ഒതുങ്ങില്ലെന്നാണ് വിദഗ്ധാഭിപ്രായം. തന്റെ ഫോണ്‍ റീസെറ്റ് ചെയ്തശേഷമാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കിയതിലൂടെ ഗോപാലകൃഷ്ണന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നതും വ്യക്തമാണ്.
അതേസമയം, 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ ധന അഡിഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക് ആണെന്ന പരസ്യ ആരോപണവും അധിക്ഷേപവവുമായി രംഗത്തെത്തിയതാണ് കൃഷി വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്തിന് സസ്‌പെന്‍ഷന് കാരണമായത്. ഭരണസംവിധാനത്തിലെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യമാണ് പ്രശാന്തിനുണ്ടായിരുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഐഎഎസിനോട് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ഒരിക്കലും ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് പ്രശാന്ത് നടത്തിയതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജയതിലകിനെ കൂടാതെ, മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രശാന്ത് കമന്റ് ചെയ്തിരുന്നു.