മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കേസന്വേഷണത്തിൽ കേരളാ പോലീസിന് ഗുരുതര വീഴ്ച, വിധിപ്പകർപ്പ് പുറത്ത്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കുറ്റാരോപിതനായിരുന്ന മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ പോലീസിന് വീഴ്ച. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായ കെ സുന്ദരയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ബിജെപി നേതാക്കൾ നാമനിർദേശം പിൻവലിപ്പിച്ചുവെന്നത് തെളിയിക്കാൻ പോലീസിനായില്ല. കെ സുരേന്ദ്രൻ ഉൾപ്പടെ ആറു ബിജെപി നേതാക്കളെയും വെറുതേവിട്ടുകൊണ്ടുള്ള ശനിയാഴ്ചത്തെ കാസർകോഡ് ജില്ലാ സെഷൻസ് കോടതിയുടെ വിധിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കെ സുന്ദര സ്വന്തം ഇഷ്ടപ്രകാരമാണ് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും വാങ്ങിയതെന്ന പ്രതിഭാഗത്തിന്റെ വാദം സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു. മറിച്ച് തെളിയിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ഒപ്പം തിരഞ്ഞെടുപ്പ് കോഴ കേസിൽ ഒരുവർഷത്തിനുള്ളിൽ അന്തിമ കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പോലീസ് പാലിച്ചില്ലെന്നും ശനിയാഴ്ചത്തെ വിധിപ്പകർപ്പിൽ കോടതി ചൂണ്ടിക്കാട്ടി. ഒരുവർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന തിരഞ്ഞെടുപ്പ് കോഴക്കേസിൽ, ഒരുവർഷവും ഏഴുമാസവുമെടുത്താണ് കേരള പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
കെ സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകി നാമ നിർദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്. ഇക്കാര്യം സുന്ദര മാധ്യമങ്ങൾക്ക് മുൻപാകെ സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് സുന്ദര ബിജെപിയിൽ ചേരാൻ തയാറാണെന്ന് വാർത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. സുരേന്ദ്രന് പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.
കേസിൽ അനുകൂലമായ വിധിന്യായം വന്നത് സുരേന്ദ്രനെ സംബന്ധിച്ച് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുന്നതായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ വരുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി പരിഗണിക്കുന്ന പേരുകളിൽ ഒന്നാണ് സുരേന്ദ്രന്റേത്. എന്നാൽ തിരഞ്ഞെടുപ്പ് കോഴക്കേസ് നിലനിൽക്കുന്നതിനാൽ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടെന്നു പാർട്ടിക്കുള്ള ഭിന്നസ്വരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിധി അനുകൂലമായതോടെ എതിർസ്വരങ്ങളെ മറികടക്കാൻ സുരേന്ദ്രന് സാധിക്കും.