വിവാഹ ആല്‍ബത്തിന് കാത്തിരുന്നത് ഏഴു വര്‍ഷം; 1.60 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍
പണം മുഴുവന്‍ നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ ഫോട്ടോഗ്രാഫി കമ്പനി കബളിപ്പിച്ച കേസില്‍ പരാതിക്കാര്‍ക്ക് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ആലപ്പുഴ, അരൂര്‍ സ്വദേശികളായ രതീഷ്, സഹോദരന്‍ ധനീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.
2017-ല്‍ നടന്ന രതീഷിന്റെ വിവാഹച്ചടങ്ങിന്റെ വീഡിയോ ആല്‍ബമാണ് ഏഴു വര്‍ഷം പിന്നിട്ടിട്ടും ലഭിക്കാഞ്ഞത്. ചടങ്ങിന്റെ വീഡിയോ കവറേജ് എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. 40,000 രൂപ അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അഡ്വാന്‍സായി നല്‍കുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളില്‍ വീഡിയോ ആല്‍ബം നല്‍കാമെന്നായിരുന്നു കരാര്‍.
എന്നാല്‍ പലപ്രാവശ്യം സമീപിച്ചിട്ടും വീഡിയോ ആല്‍ബം നല്‍കിയില്ലെന്നു പരാതിയില്‍ പറയുന്നു. ഒടുവില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്ന ഒഴിവുകഴിവ് പറഞ്ഞ് തടിതപ്പാനാണ് സ്ഥാപന ഉടമകള്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് രതീഷും സഹോദരനും കോടതിയെ സമീപിച്ചത്.
കരാര്‍പ്രകാരം പണം നല്‍കിയിട്ടും സേവനം ലഭ്യമാകാത്തതു മൂലം പരാതിക്കാര്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടായെന്ന് ഡി.ബി. ബിനു അധ്യക്ഷനായ കമ്മീഷന്‍ വിലയിരുത്തി.വിവാഹ വീഡിയോ എന്നത് കേവലം ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും ശേഖരമല്ല, മറിച്ച് ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കംകുറിച്ച നവദമ്പതികളുടെ ചിരിയും കണ്ണീരും സ്‌നേഹവും കലര്‍ന്ന അനുഭവങ്ങളുടെ സങ്കലനമാണ്. ഈ നഷ്ടം പണം നല്‍കിയത് കൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല. അകാലത്തില്‍ വേര്‍പിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമീപ്യവും കൂടി ഉള്‍ക്കൊണ്ട ആ ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ് ' കോടതി നിരീക്ഷിച്ചു.
തുടര്‍ന്ന് വീഡിയോ ആല്‍ബത്തിനായി പരാതിക്കാര്‍ നല്‍കിയ 40,000 രൂപ തിരികെ നല്‍കാനും കൂടാതെ പരാതിക്കാര്‍ അനുഭവിച്ച മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 1.20 ലക്ഷം രൂപ നല്‍കാനും ബെഞ്ച് ഉത്തരവിടുകയായിരുന്നു. വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരായിരുന്നു കമ്മീഷനിലെ മറ്റംഗങ്ങള്‍. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രന്‍ ഹാജരായി.