നാട്ടുകാര്‍ തിരിച്ചറിയുമെന്ന
ഭയം; സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍ സ്വീകരിക്കാതെ ലൈംഗികത്തൊഴിലാളികള്‍

നാട്ടുകാര്‍ തിരിച്ചറിയുമെന്ന ഭയം; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാതെ ലൈംഗികത്തൊഴിലാളികള്‍

സംസ്ഥാനത്തെ ലൈംഗിക തൊഴിലാളി സമൂഹം കടന്നുപോകുന്നത് കടുത്ത ദാരിദ്ര്യത്തിലൂടെ
Updated on
2 min read

''രണ്ടുമക്കളുണ്ട്. ഭര്‍ത്താവ് നേരത്തെ മരിച്ചു. കുറച്ചേറെ കടമുണ്ട്. അങ്ങനെയാണ് ലൈം​ഗിക തൊഴിലിലേക്ക് എത്തിപ്പെട്ടത്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് പോകുന്നത്. കോവിഡിനു മുമ്പ്, മാസത്തില്‍ മിക്ക ദിവസങ്ങളിലും വരുമാനം ഉണ്ടായിരുന്നു. ഇപ്പോള്‍ തൊഴിലും ഇല്ല, വരുമാനവും നിലച്ചു. മക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്. മറ്റ് പല ജോലിക്കും ശ്രമിച്ചു. ഒന്നും ശരിയായില്ല. ഇടയ്ക്ക് ഒരു വീട്ടില്‍ ഹോം നഴ്‌സായി പോയി. പ്രായമായ അമ്മയെ നോക്കണം, പന്ത്രണ്ടായിരം രൂപയായിരുന്നു പ്രതിഫലം. എന്നാൽ, അവരുടെ മകന്റെ ആ​ഗ്രഹങ്ങളും സാധിച്ചുകൊടുക്കണം എന്ന അവസ്ഥ വന്നപ്പോൾ ജോലി മതിയാക്കേണ്ടി വന്നു. ഇപ്പോള്‍ അടുത്തുള്ള വീടുകളില്‍ അടിക്കാനും തുടയ്ക്കാനും ഒക്കെ പോകും. ആഴ്ചയില്‍ പരമാവധി 600 രൂപയാണ് കിട്ടുന്നത്. കുട്ടികളുടെ പഠനവും വീട്ടുചെലവും നടത്താന്‍ പോലും അത് തികയില്ല''.

തൃശൂര്‍ സ്വദേശിയായ ലൈംഗിക തൊഴിലാളിയുടെ വാക്കുകളാണിത്. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. സംസ്ഥാനത്തെ ലൈംഗിക തൊഴിലാളി സമൂഹം കടന്നുപോകുന്നത് കടുത്ത ദാരിദ്ര്യത്തിലൂടെയാണ്. സർക്കാർ സഹായങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും അത് ഏറ്റുവാങ്ങാന്‍ പോലും ലൈംഗിക തൊഴിലാളികള്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം.

എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുപ്രകാരം 18000 സ്ത്രീകളും 13500 ലേറെ പുരുഷന്‍മാരും ഈ ജോലി ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കില്‍പ്പെടാത്തവരും നിരവധി.

കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുപ്രകാരം 18000 സ്ത്രീകളും 13500 ലേറെ പുരുഷന്‍മാരും ഈ ജോലി ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കില്‍പ്പെടാത്തവരും നിരവധി. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ലൈംഗിക തൊഴിലാളികളുടെ ക്ഷേമ പരിപാടികള്‍ക്ക് ആരോഗ്യവകുപ്പ് 7.82 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ സഹായം പോലും പലരും കൈപ്പറ്റിയില്ല. ലൈംഗിക തൊഴിലാളികളെ സാധാരണ മനുഷ്യരായി കാണാന്‍ തയ്യാറാകാത്ത പൊതുസമൂഹത്തിന് മുന്നില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടിവരുമെന്നതാണ് പലരെയും പിന്നോട്ടുവലിക്കുന്നതെന്ന് സെക്സ് വർക്കേഴ്സ് പ്രൊട്ടക്ഷന്‍ ഫോറം അംഗമായ ലളിത പറയുന്നു.

ജീവിത സാഹചര്യം കൊണ്ടാണ് പലരും ഈ തൊഴിലിലേക്ക് എത്തിപ്പെടുന്നതും തുടരുന്നതും. വീട്ടുകാര്‍ക്ക് പോലും അറിയില്ല, അവര്‍ ചെയ്യുന്ന ജോലി ഇതാണെന്ന്. അങ്ങനെയുള്ളപ്പോള്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ പലരും ഒറ്റപ്പെട്ട് പോകും, അത് ആത്മഹത്യയിലേക്ക് പോലും അവരെ നയിച്ചേക്കാം. അതിനാലാണ്, കഷ്ടപ്പാടിലും ഇത്തരം സഹായങ്ങള്‍ക്ക് നേരെ അവര്‍ കൈ നീട്ടാത്തത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ, ഈ മേഖലയിലുള്ളവരെ പുനരധിവസിക്കുക എന്നതും സങ്കീർണമായ കാര്യമാണ്. കോവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടിലായ കുറച്ചുപേര്‍ക്ക് നളിനി ജമീലയുടെ നേതൃത്വത്തില്‍, വിവിധ സംഘടനകളുമായി സഹകരിച്ച് കിറ്റുകള്‍ നല്‍കിയിരുന്നു. പക്ഷേ, എല്ലാകാലത്തും ഇത്തരം സഹായം ഉറപ്പാക്കാനാകില്ല.

വീട്ടുകാര്‍ക്ക് പോലും അറിയില്ല, അവര്‍ ചെയ്യുന്ന ജോലി ഇതാണെന്ന്. അങ്ങനെയുള്ളപ്പോള്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ പലരും ഒറ്റപ്പെട്ട് പോകും, അത് ആത്മഹത്യയിലേക്ക് പോലും അവരെ നയിച്ചേക്കാം.

എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ, ലൈംഗിക തൊഴിലാളികള്‍ക്ക് നൈപുണ്യ വികസന പരിപാടികള്‍ നടപ്പാക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കാനാണ് ആലോചന. പക്ഷെ ലൈംഗിക തൊഴിലാളികളുടെ കൃത്യമായ എണ്ണമോ, ഇവരെ കുറിച്ചുള്ള വിശദമായ വിവരങ്ങളോ നിലവില്‍ സര്‍ക്കാരിന്റെയോ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയോ പക്കലില്ല. ഇവര്‍ക്കായുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന വിവരങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളും മാത്രമാണ് അധികൃതരുടെ കൈവശമുള്ളത്. ആ കണക്കുകള്‍ കൊണ്ടുമാത്രം ലൈംഗിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്നാണ് ഈ മേഖലയിലുള്ളവരും പറയുന്നത്.

logo
The Fourth
www.thefourthnews.in