ലൈംഗികാരോപണം: നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
ലൈംഗികാരോപണക്കേസില്‍ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി അന്വേഷണസംഘം. പരാതിക്കാരി ഉന്നയിച്ച ആരോപണം അന്വേഷിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്തോ ദിവസമോ നിവിൻ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ ആറാം പ്രതിയായിരുന്നു നിവിൻ. നടനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി കേസ് അന്വേഷിച്ച ഡിവൈഎസ്‍പി കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു നിവിനെതിരായ പരാതി. എറണാകുളം ഊന്നുകല്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിനെതിരെ കേസെടുത്തത്. പിന്നീട്, പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറുകയായിരുന്നു. കഴിഞ്ഞവർഷം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.
നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ദുബായില്‍ മറ്റൊരു ജോലി ആവശ്യത്തിന് ദുബായില്‍ എത്തിയപ്പോഴാണ് സംഭവം. മറ്റൊരു വനിത സുഹൃത്താണ് നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. വനിത സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.
ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെ തന്നെ വാർത്തസമ്മേളനം നടത്തി നിവിൻ ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു. ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു നിവിന്റെ പ്രതികരണം. നിവിന്റെ വാർത്താസമ്മേളനത്തിന് ശേഷം തെളിവുകളുമായി സുഹൃത്ത് വിനീത് ശ്രീനിവാസൻ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.