മലപ്പുറം മുൻ എസ്പി ഉൾപ്പെടെ മൂന്നു പോലീസുകാരിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവതി; ആരോപണങ്ങൾ നിഷേധിച്ച് സുജിത് ദാസ്
മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തൽ. പൊന്നാനി പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ പോയ യുവതിയെ സ്റ്റേഷൻ ഹൗസ് ഓഫീസറായ സി ഐ വിനോദ് വീട്ടിൽ വന്ന് ഉപദ്രവിച്ചെന്നും ശേഷം പരാതി നൽകാൻ ചെന്നപ്പോൾ ഡിവൈഎസ്പിയും അതുകഴിഞ്ഞ് എസ്പിയും തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
എന്നാൽ ആരോപണങ്ങള്‍ തള്ളി സുജിത് ദാസ് രംഗത്തെത്തി. തൻ്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നുമാണ് സുജിത് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വീടിന്റെ അവകാശത്തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് യുവതി പൊന്നാനി സിഐ വിനോദിനെ കാണാൻ പോയത്. വീടിന്റെ അവകാശം യുവതിക്ക് തന്നെ ലഭിക്കുമെന്ന ഉറപ്പുനല്കിയാണ് സിഐ ആദ്യം സ്ത്രീയെ ഉപദ്രവിക്കുന്നത്. ശേഷം സിഐ വിനോദിനെക്കുറിച്ചുള്ള പരാതി പറയാൻ ഡിവൈഎസ്പി വിവി ബെന്നിയെ കാണാൻ പോയി. പരാതി ഒത്തുതീർക്കാൻ ശ്രമിച്ച ഡിവൈഎസ്പി പിന്നീട് വീട്ടിൽ വന്ന് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും യുവതി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി.
2022ൽ മലപ്പുറത്താണ് സംഭവം നടക്കുന്നത്. അവകാശത്തർക്കത്തിൽ പരാതി നൽകാൻപോയപ്പോൾ പൊന്നാനി സി ഐ വിനോദ് പരാതി സ്വീകരിക്കുകയോ രസീത് നൽകുകയോ ചെയ്തില്ല. പകരം താൻ വീട്ടിലേക്കു വരാം എന്നിട്ട് പരിഹരിക്കാമെന്നാണ് മറുപടി നൽകിയത്. ശേഷം രാത്രി ഒൻപതു കഴിഞ്ഞ് സി ഐ വീട്ടിലേക്ക് വരുന്നു. ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് മുറിയിലേക്കു വരാൻ ആവശ്യപ്പെട്ടു. ആ മുറിയിൽ വച്ച് സി ഐ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി വെളിപ്പെടുത്തുന്നത്.
ശേഷം, സി ഐയിൽനിന്ന് അക്രമത്തിനിരയായ സംഭവവും തന്റെ പരാതിയിൽ നടപടിയെടുക്കാത്തതും ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പി വിവി ബെന്നിക്ക് പരാതി നൽകുന്നു. താൻ നേരിട്ട ദുരനുഭവങ്ങൾ ഡിവൈഎസ്പിക്കു മുന്നിൽ തുറന്നുപറഞ്ഞപ്പോൾ അയാൾ തന്നോട് ലൈംഗികച്ചുവയിൽ സംസാരിച്ചെന്നും പിന്നീട് പരാതിയിൽ തീരുമാനമായെന്ന് പറഞ്ഞുകൊണ്ട് തന്റെ വീട്ടിലേക്കു വന്ന് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നും എന്നാൽ താൻ എതിർത്തതുകാരണം അയാളുടെ ഉദ്ദേശ്യം നടന്നില്ലെന്നും യുവതി പറയുന്നു.
ഡിവൈഎസ്പിയിൽനിന്നു മോശം അനുഭവമുണ്ടായ സ്ത്രീ പരാതിയുമായി അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസിനെ സമീപിച്ചു. മൂന്നു തവണ എസ്പി ഓഫീസിൽ കയറിയിറങ്ങിയിട്ടും പരാതിയിൽ തീരുമാനമായില്ലെന്നും വീണ്ടും എസ്പിയെ കാണാൻ പോയപ്പോൾ ഓഫീസിൽ വച്ച് തന്നെ എസ്പി ലൈംഗികമായി ഉപദ്രവിച്ചു. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും താൻ പരിഹരിച്ചോളാം എന്നായിരുന്നു എസ്പിയുടെ വാഗ്ദാനമെന്നാണ് യുവതി പറയുന്നത്. നടന്ന സംഭവങ്ങൾ പുറത്തുപറഞ്ഞാൽ നിന്റെ കുട്ടികൾക്ക് ഉമ്മയില്ലാതാക്കുമെന്നും മുഖ്യമന്ത്രി തന്റെ 'അങ്കിൾ' ആണെന്നും എസ് പി പറഞ്ഞെന്നും യുവതി പറയുന്നു.
എന്നാൽ യുവതിയുടെ ആരോപണങ്ങൾ മുഴുവനും വസ്തുതാവിരുദ്ധമാണെന്നും തന്റെ കരിയർ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് സുജിത് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2022ൽ യുവതി തന്റെ സഹോദരനൊപ്പമാണ് തന്നെ കാണാൻ വന്നതെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ റിസപ്ഷൻ രേഖകളിലുണ്ടാകുമെന്നും സുജിത് ദാസ് പറഞ്ഞു. സ്ത്രീയുടെ പരാതി അന്വേഷിച്ച് അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതാണെന്നും സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും സുജിത് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.