ലൈംഗികപീഡനാരോപണം: മുകേഷിന് താത്കാലിക ആശ്വാസം, അറസ്റ്റ് സെപ്റ്റംബര്‍ മൂന്നുവരെ തടഞ്ഞു

ലൈംഗികപീഡനാരോപണം: മുകേഷിന് താത്കാലിക ആശ്വാസം, അറസ്റ്റ് സെപ്റ്റംബര്‍ മൂന്നുവരെ തടഞ്ഞു

എറണാകുളം സ്വദേശിനിയുടെ ആരോപണത്തില്‍ മരട് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി മുകേഷ് കോടതിയെ സമീപിച്ചത്
Updated on
1 min read

ലൈംഗികപീഡനാരോപണ പരാതിയില്‍ നടനും കൊല്ലം എംഎല്‍എയുമായി എം മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ മൂന്നിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മുകേഷിനെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി ഉത്തരവിട്ടു. എറണാകുളം സ്വദേശിനിയുടെ ആരോപണത്തില്‍ മരട് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി മുകേഷ് കോടതിയെ സമീപിച്ചത്. ഐപിസി 376 (1) ബലാത്സംഗം , ഐപിസി 354 സ്ത്രീകള്‍ക്കെതിരായ അതിക്രമം , ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിനിടെ നടിയുടെ പരാതി പണം നല്‍കാത്തതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിങ്ങാണെന്ന് മുകേഷ് മുഖ്യമന്ത്രി കണ്ട് വിശദീകരിച്ചതായാണ് റിപ്പോര്‍ട്ട്. നടിയുമായി മുകേഷ് നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും മുകേഷ് മുഖ്യമന്ത്രിക്ക് കൈമാറി.

അതേസമയം ആരോപണമുയര്‍ന്ന സാഹചര്യം മുതല്‍ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് സിപിഎം തുടരുകയാണ്. കോടതിയില്‍ നിന്നുള്ള ഉത്തരവ് കൂടി വന്നതോടുകൂടി സിപിഎമ്മിനും മുകേഷിന്റെ വിഷയത്തില്‍ താത്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മുകേഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സിപിഎം നേതൃത്വം പ്രതിരോധത്തിലായത്. മുകേഷിനെതിരേ നടപടിയെടുക്കാതെ പറ്റില്ലെന്ന സ്ഥിതിയിലേക്കാണ് സിപിഎം വീണത്.

ലൈംഗികപീഡനാരോപണം: മുകേഷിന് താത്കാലിക ആശ്വാസം, അറസ്റ്റ് സെപ്റ്റംബര്‍ മൂന്നുവരെ തടഞ്ഞു
ലൈംഗികാരോപണം: മുകേഷിന്റെ പേരില്‍ ചേരിതിരിഞ്ഞ് ഇടതുമുന്നണി; രാജി ആവശ്യപ്പെട്ട് സിപിഐ, സംരക്ഷിച്ച് സിപിഎം

ഇതിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മുകേഷ് ഒരു മിനിറ്റു പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്വമേധയാ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ സിപിഎം നേതൃത്വം രാജി ചോദിച്ചുവാങ്ങണമെന്നും ആനി രാജ പരസ്യമായി ആവശ്യപ്പെട്ടു.

സിപിഐ സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് ഇതാണ്. ഇതുവരെയും ആരോപണ നിഴലിലായിരുന്നെങ്കില്‍ മുകേഷ് ഇപ്പോള്‍ സ്ത്രീപീഡന പരാതിയില്‍ ഒന്നാം പ്രതിയാണെന്നും സ്ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പറയുന്ന പിണറായി സര്‍ക്കാര്‍ വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നുമാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം.

അതേസമയം മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാട് തുടരുകയാണ് സിപിഎം നേതാക്കള്‍. മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കൂടിയായ സിപിഎം നേതാവ് പികെ ശ്രീമതി അഭിപ്രായപ്പെട്ടത്. മുകേഷ് കുറ്റവാളിയല്ലെന്നും ആരോപണവിധേയന്‍ മാത്രമാണെന്നും ആരോപണവിധേയര്‍ സ്ഥാനമൊഴിയണമെന്ന് ഒരു നിയമത്തിലും പറയുന്നില്ലെന്നുമാണ് ശ്രീമതിയുടെ ന്യായം.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയശേഷം സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഒന്നടങ്കം മുകേഷിനെതിരേ വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ മുകേഷ് സ്ഥാനമൊഴിയുന്നതില്‍ കവിഞ്ഞ് മറ്റൊന്നും സ്വീകാര്യമല്ലെന്ന നിലപാടാണ് ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നത്.

logo
The Fourth
www.thefourthnews.in