ലൈംഗിക പീഡനം: സിദ്ധിഖിന് എതിരെ പോലീസില്‍ പരാതി, യുവനടി ഡിജിപിക്ക് പരാതി നല്‍കിയത് ഇ-മെയിലില്‍
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തില്‍ നടന്‍ സിദ്ധിഖിന് എതിരെ പരാതി. ആരോപണം ഉന്നയിച്ച മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയ യുവനടി ഡിജിപിക്കാണ് പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സിദ്ധിഖ് നേരത്തെ ഈ നടിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ നീക്കം.
ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടിയുടെ ആരോപണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ആയിരുന്നു യുവ നടി സിദ്ധിഖിന് എതിരെ രംഗത്തെത്തിയത്. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിക്കുകയും ലൈംഗീകചേഷ്ടകള്‍ കാണിച്ചതായും യുവനടി വെളിപ്പെടുത്തിയിരുന്നു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.
നേരിടേണ്ടി വന്ന ദുരനുഭവും പുറത്തുപറഞ്ഞ സാഹചര്യത്തില്‍ തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും സിനിമ മേഖലയില്‍ നിന്ന് മാറ്റിനിർത്തുകയായിരുന്നെന്നും യുവനടി പറഞ്ഞു. സിദ്ധിഖില്‍ നിന്നുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ഇനിയും മാറിയിട്ടില്ലെന്നും യുവനടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ആരോപണത്തിന് പിന്നില്‍ അജൻഡയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധിഖ് യുവ നടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ യുവനടിയെ കണ്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.
യുവ നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ധിഖ് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയായിരുന്നു രാജി.