ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ആശ്വാസം; ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ആശ്വാസം; ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ജസ്റ്റിസുമാരായ ബേല എം ത്രിവേദി , സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു
Updated on
1 min read

യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുന്ന സമയത്ത് ഹാജരാകണം എന്നിങ്ങനെ രണ്ട് ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ധിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു . ജാമ്യ ഉപാധികള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്.

കേസ് വീണ്ടും രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. എട്ടുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിനു ശേഷം ഇപ്പോഴാണ് പരാതി നല്‍കിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിദ്ദിഖിന്റെ വേണ്ടി ഹാജരായ മുതിര്‍ന്ന മുഗുള്‍ റോത്തഗി വാദിച്ചു.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി , സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ നടൻ ഒളിവില്‍ പോവുകയായിരുന്നു. കേരള ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു യുവ നടി നടത്തിയ വെളിപ്പെടുത്തലില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), 506, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മ്യൂസിയം പോലീസ് കേസെടുത്തത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തന്നെ പോലീസ് അറസ്റ്റിനായിയുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്കൗട്ട് നോട്ടീസുള്‍പ്പെടെ നല്‍കിയിരുന്നു. സിദ്ദിഖ് രാജ്യം വിടുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

2016ല്‍ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ച് അതിക്രമം നടത്തി എന്നായിരുന്നു യുവനടിയുടെ പരാതി. മാസ്‌കോട്ട് ഹോട്ടലിലെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. 2019 ല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ സിനിമയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടെന്നുള്‍പ്പെടെയായിരുന്നു യുവതി ചാനലുകളിലൂടെ ഉള്‍പ്പെടെ ആരോപിച്ചത്.

logo
The Fourth
www.thefourthnews.in