തിരുവനന്തപുരത്ത് നടുറോഡില്‍ വീണ്ടും ലൈംഗികാതിക്രമം: പരാതി നൽകിയിട്ടും പോലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി
തിരുവനന്തപുരത്ത് നടുറോഡില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെ സ്വന്തം ഇരുചക്ര വാഹനത്തില്‍ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു 49കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. നടുറോഡില്‍ വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാത്രി 11 മണിയോട് കൂടി ഇരു ചക്ര വാഹനത്തില്‍ ജനറല്‍ ആശുപത്രി ജങ്ഷനിലേക്ക് മരുന്നുവാങ്ങാനായി പോയപ്പോഴായിരുന്നു യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.മൂലവിളാകം ജംങ്ഷനില്‍ വച്ച് ആദ്യം ആക്രമണ ശ്രമം നടന്നു. അവിടെ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ പിന്തുടര്‍ന്ന് ചെന്നായിരുന്നു ക്രൂരത. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ വാഹനത്തില്‍ നിന്ന് തള്ളിയിടുകയും മുടിയില്‍ കുത്തിപ്പിടിച്ച് കരിങ്കല്‍ ചുവരില്‍ തല ഇടിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഇവരുടെ കണ്ണിനും പരിക്കുപറ്റിയിട്ടുണ്ട്. ആക്രമണം നടത്തുന്നത് കണ്ടിട്ടും സമീപവാസികള്‍ പ്രതികരിച്ചില്ലെന്ന ആരോപണവും അവർ ഉന്നയിച്ചു.
യുവതിയെ പിന്നീട് മകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പേട്ട സ്‌റ്റേഷനില്‍ വിളിച്ച് പരാതി അറിയിച്ചെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കമ്മീഷണർക്ക് പരാതി നല്‍കിയതിന് ശേഷമാണ് പേട്ട സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തി മൊഴി എടുത്തതെന്നും യുവതി പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല.
തലസ്ഥാന നഗരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമ പരമ്പരകൾ വലിയ ക്രമസമാധാനപ്രശ്നമായി സമീപകാലത്ത് ഉയർന്ന് വന്നിരുന്നു.പലകേസുകളിലും പൊലീസിൻ്റെ നിഷ്ക്രിയത വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുന്ന സാഹചര്യവും ഉണ്ടായി.അതിൽ നിന്നൊന്നും ഒരു പാഠവും കേരളപൊലീസ് പഠിച്ചില്ല എന്ന് വേണം ഈ സംഭവത്തിൽ നിന്ന് മനസിലാക്കാൻ.നടുറോഡിൽ സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസ് നടപടി വലിയ വിവാദമായതോടെ ആഭ്യന്തരവകുപ്പ് വീണ്ടും ചോദ്യമുനയിൽ ആവുകയാണ്.