ചലച്ചിത്രമേഖലയിലെ പീഡനം: പോലീസിന് ഇതുവരെ ലഭിച്ചത് 18 പരാതികള്‍, രഞ്ജിത്തിനു പിന്നാലെ സിദ്ധിഖിനുമെതിരേ കേസെടുത്തു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള ചലച്ചിത്ര മേഖലയില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. ഇതില്‍ പലരും പോലീസിന് നേരിട്ട് പരാതി നല്‍കുകയും ചെയ്തു. ഇതുവരെ 18 പരാതികളാണ് ഡിജിപിക്കും വിവിധ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെയും ലഭിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകളിലും, നടന്‍ സിദ്ധിഖിനും സംവിധായകന്‍ രഞ്ജിത്തിനുമെതിരെ.
പോലീസില്‍ ആദ്യം പരാതിപ്പെട്ടത് സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടിയായിരുന്നു. പിന്നാലെ നടന്‍ മുകേഷിനെതിരെ ജൂനിയര്‍ നടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവര്‍തന്നെ നടന്‍ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഇ മെയില്‍ വഴി പരാതി കൈമാറി. നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ച ജൂനിയര്‍ നടിയും അന്വേഷണസംഘത്തിന് ഇ-മെയില്‍ വഴി പരാതി കൈമാറി. നടന്‍ സിദ്ധിഖിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടി ഇന്നലെ വൈകിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ചലച്ചിത്രമേഖലയിലെ ലാംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പരാതികളും അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണ്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പരാതികളില്‍ തുടരന്വേഷണത്തിന് രൂപം നല്‍കുകയും എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തി.
ചലച്ചിത്ര മേഖലയില്‍ തങ്ങള്‍ക്കുണ്ടായ ലൈംഗിക പീഡനങ്ങള്‍ വെളിപ്പെടുത്തി നടിമാര്‍ ഉള്‍പ്പെടെ രംഗത്തുവന്നെങ്കിലും ആദ്യഘട്ടത്തില്‍ കേസെടുക്കാനോ അന്വേഷിക്കാനോ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുകയും സര്‍ക്കാരിന്‌റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന് പ്രതിരോധത്തിലാകുകയും ചെയ്തതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ രഞ്ജിത് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബംഗാളി നടി ഇ മെയില്‍ വഴി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കായിരുന്നു പരാതി നല്‍കിയത്. '2009-ല്‍ പാലേരി മാണിക്യം സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടിയാണ് തന്നെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്.
കലൂരിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള ഫ്ലാറ്റില്‍വച്ച് ദുരുദ്ദേശ്യത്തോടുകൂടി സംവിധായകന്‍ തന്നോട് പെരുമാറി. ആദ്യം കൈകളില്‍ സ്പര്‍ശിച്ചു. പിന്നീട് ശരീരത്തിന്റെ പല ഭാഗങ്ങളിലും സ്പര്‍ശിക്കാന്‍ തുടങ്ങി. യഥാര്‍ഥത്തില്‍ സിനിമയുടെ കഥയോ ചര്‍ച്ചയോ ഒന്നുമല്ല, ലൈംഗിക താല്‍പര്യങ്ങളാണ് രഞ്ജിത്തിനുള്ളതെന്ന് ബോധ്യമായതോടുകൂടി ഒരുവിധത്തില്‍ ആ ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെട്ടു. മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്ത് നല്‍കാനും അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായ തിരക്കഥാകൃത്ത് ജോഷി ജോസഫിന്റെ സഹായത്തോടുകൂടിയാണ് താന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങിയതെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
സ്ത്രീത്വത്തെ അപമാനിച്ചു, ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. നടി നല്‍കിയ പരാതിയില്‍ രഞ്ജിത്തിനെതിരെ ഐപിസി 354 പ്രകാരം എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നടിയുടെ ആരോപണങ്ങള്‍ക്കു പിന്നാലേ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത് രാജിവെച്ചിരുന്നു. എന്നാല്‍ നടിയുടെ ആരോപണത്തെ സംവിധായകന്‍ രഞ്ജിത് നിഷേധിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത് പറഞ്ഞിരുന്നു.
നടന്‍മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയ ജൂനിയര്‍ നടി വ്യത്യസ്ത സമയങ്ങളില്‍ തനിക്കുനേരേ ലൈംഗികാതിക്രമമുണ്ടായി എന്ന് പറയുന്നു. 2008-ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് നടി പറയുന്നു. റെസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്നു കെട്ടിപ്പിടിച്ചെന്നും ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നും നടി ആരോപിച്ചിരുന്നു.
അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. 2013ലാണ് ഇടവേള ബാബുവില്‍നിന്നു മോശം പെരുമാറ്റമുണ്ടായത്. അമ്മയില്‍ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫ്‌ളാറ്റിലെത്തി ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ബാബു കഴുത്തില്‍ ചുംബിച്ചെന്നു നടി പറയുന്നു. നടന്‍ മുകേഷ് ഫോണില്‍ വിളിച്ചും നേരില്‍ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്ന് നടി ആരോപിച്ചിരുന്നു. വില്ലയിലേക്കു വരാന്‍ ക്ഷണിച്ചെന്നും അവര്‍ പറഞ്ഞിരുന്നു.
നടന്‍ സിദ്ധിഖിനെതിരെ നടി നല്‍കിയ പരാതിയില്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കുശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ലൈംഗീകചേഷ്ടകള്‍ കാണിച്ചതായും യുവനടി വെളിപ്പെടുത്തിയിരുന്നു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.
ആരോപണത്തിന് പിന്നാലെ സിദ്ധിഖ് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പരാതിയില്‍ നടനെതിരെ ബലാല്‍സംഗ കുറ്റത്തിനാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.