മുകേഷിനെ മാറ്റി നിര്‍ത്തണമെന്ന് സിപിഐ, മാറേണ്ടെന്ന് സിപിഎം; വേട്ടയാടല്‍  വാദമുയര്‍ത്തി രക്ഷപ്പെടാന്‍ എംഎല്‍എയ്ക്കാകുമോ?

മുകേഷിനെ മാറ്റി നിര്‍ത്തണമെന്ന് സിപിഐ, മാറേണ്ടെന്ന് സിപിഎം; വേട്ടയാടല്‍ വാദമുയര്‍ത്തി രക്ഷപ്പെടാന്‍ എംഎല്‍എയ്ക്കാകുമോ?

സ്ത്രീ സുരക്ഷയുള്‍പ്പെടെയുള്ള വിഷയം സര്‍ക്കാരിന്റെ മുഖമുദ്രയാക്കി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ ഒരു എംഎല്‍എയെ എത്രകാലം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഉയരുന്ന ചോദ്യം
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി എം മുകേഷ് എംഎല്‍എയുടെ സാന്നിധ്യം. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങള്‍ മാത്രമാണെന്ന നിലപാടിലാണ് നിലവില്‍ സിപിഎം എങ്കിലും പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും മുന്നണിയിലും വിമര്‍ശനങ്ങള്‍ ശക്തമാണ്. ആരോപണങ്ങളുടെ പേരില്‍ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന് മുന്‍പുണ്ടായ സമാനമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്ത്രീ സുരക്ഷയുള്‍പ്പെടെയുള്ള വിഷയം സര്‍ക്കാരിന്റെ മുഖമുദ്രയാക്കി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ ഒരു എംഎല്‍എയെ എത്രകാലം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഉയരുന്ന ചോദ്യം.

മുകേഷിന് എതിരെ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ഇതിനോടകം എതിര്‍ശബ്ദം ഉയര്‍ന്നു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുകേഷിന്റെ നടപടികള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നു എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സമാനമായ അഭിപ്രായങ്ങളാണ് ഇടത് മുന്നണിയിലെ പ്രധാന രണ്ടാമത്തെ പാര്‍ട്ടിയായ സിപിഐക്കും ഉള്ളത്. സംസ്ഥാന നേതൃത്വം വിഷയത്തില്‍ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും എഐവൈഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുകേഷിനോടുള്ള അമര്‍ഷം നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

മുകേഷിന് എതിരെ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ഇതിനോടകം എതിര്‍ശബ്ദം ഉയര്‍ന്നു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

വിഷയത്തില്‍ നിര്‍ണായകമായ പ്രതികരണമാണ് സിപിഎം ദേശീയ നേതാവ് ആനി രാജ പങ്കുവച്ചിട്ടുള്ളത്. മുകേഷ് സ്ഥാനങ്ങളില്‍ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. മുകേഷ് സ്വയം മാറി നിന്നില്ലെങ്കില്‍ മാറ്റി നിര്‍ത്തി അന്വേഷിക്കണം എന്നാണ് അമ്മയിലെ കൂട്ടരാജി വാര്‍ത്തകള്‍ക്ക് ശേഷം നടത്തിയ പ്രതികരണത്തിലും ആനി രാജ ആവശ്യപ്പെട്ടത്. മുകേഷ് മാറി നിന്നില്ലെങ്കില്‍ അന്വേഷണത്തെ സംശയത്തിന്‍ മുനയില്‍ ആയിരിക്കും പൊതു ജനങ്ങള്‍ വീക്ഷിക്കുക എന്നും ആനി രാജ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കുകയാണ് മുകേഷ്. ഒന്നിലധികം പേര്‍ മുകേഷിന് എതിരെ രംഗത്തെത്തുന്ന സാഹചര്യത്തിലും തനിക്കെതിരെ നടക്കുന്നത് വേട്ടയാടലാണ് എന്ന നിലപാടാണ് മുകേഷ് ആവര്‍ത്തിക്കുന്നത്. ഏറ്റവുമൊടുവില്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലും മുകേഷ് നേരത്ത മുന്നേട്ടുവച്ച വാദങ്ങള്‍ ആവര്‍ത്തിക്കുയാണ് ചെയ്യുന്നത്. ഇതിനൊപ്പം ഇപ്പോള്‍ നടക്കുന്നത് ബ്ലാക്ക് മെയിലിങിനുള്ള ശ്രമാണെന്ന ആരോപണവും മുകേഷ് പങ്കുവയ്ക്കുന്നു.

പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

അതിനിടെ. ചെങ്കൊടിയേന്തിയ തന്റെ ഫോട്ടോയ്ക്ക് ഒപ്പം പങ്കുവച്ച വിശദീകണ പോസ്റ്റില്‍ മണിക്കൂറുകള്‍ക്കകം മുകേഷ് തിരുത്തല്‍ വരുത്തിയെന്നതും ശ്രദ്ധേയമാണ്. പോസ്റ്റില്‍ നിന്നും ചെങ്കൊടി നീക്കിയ മുകേഷ് പിന്നീട് സാധാരണ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. രാജിവച്ച് അന്വേഷണം നേരിടണം എന്നുള്‍പ്പെടെ കമന്റുകള്‍ നിറയുന്ന സാഹചര്യത്തിലാണ് പോസ്റ്റിലെ ഫോട്ടോ നീക്കിയത് എന്നാണ് വിലയിരുത്തല്‍.

Summary

മുകേഷിന്റെ പോസ്റ്റ് പൂര്‍ണരൂപം-

സത്യം പുറത്ത് വരണം...

നിയമപരമായി നേരിടും

ഞാന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു.

വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്.

എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂ.

നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്.നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും

മനസ്സിലാക്കാന്‍ മറ്റാരെക്കാളും നന്നായി സാധിക്കും പതിനാലാം വയസ്സില്‍ അഭിനയം തുടങ്ങിയ എന്റെ അമ്മ 87 വയസ്സിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018 ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു എനിക്കെതിരെ വിധിയെഴുതുന്നവര്‍ക്ക് മുന്നില്‍ എന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില വിശദീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

2009ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ മീനു കൂര്യന്‍ എന്ന് പരിചയപ്പെടുത്തി.

അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ലാപ്‌ടോപ് സന്ദേശം അയക്കുകയുണ്ടായി.

ആ സമയത്തൊന്നും അവര്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.

2022 ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവര്‍ മീനു മുനീര്‍ എന്നാണ് പരിചയപ്പെടുത്തിയത്.

തുടര്‍ന്നവര്‍ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ നിസ്സഹായത അറിയിച്ചപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്നായി.

ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചു. ഞാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തില്‍ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് ഫോണില്‍ വിളിച്ച് മറ്റൊരാളും വന്‍ തുക ആവശ്യപ്പെട്ടു.

പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഇവര്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് തെളിവുകളുടെ പിന്‍ബലത്തിലാണ് ഞാന്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാന്‍ കൂട്ടുനില്‍ക്കുന്ന ഒരാള്‍ അല്ല ഞാന്‍.

എന്നാല്‍ ബ്ലാക്ക് മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും

എം മുകേഷ് എംഎല്‍എ കൊല്ലം

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കണമെന്നും സര്‍ക്കാരിന്റേത് സ്ത്രീവിരുദ്ധ നടപടികളാണെന്നും ആരോപിച്ചും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചാണ് കെപിസിസി സമരമുഖം തുറക്കുന്നത്. എന്നാല്‍ മുകേഷിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച നടനും കേന്ദ്ര മന്ത്രിയുമായി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന നേതൃത്വവും പ്രതിഷേധം ശക്തമാക്കുന്നു.

'ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തി സെപ്റ്റംബര്‍ 2ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വിരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ഭാഗങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചിലരെയും കുറ്റാരോപിതരെയും സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. ഈ റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് കേരളീയ സമൂഹം പ്രതീക്ഷിച്ചത്. എന്നാലത് ഉണ്ടായില്ലെന്ന് മാത്രമല്ല, വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതും എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്ത്, എം.മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ മുകേഷിനെ ഉള്‍പ്പെടുത്തിയാണ് ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി നടത്തുന്ന കോണ്‍ക്ലേവിന്റെ സര്‍ക്കാര്‍ നയരൂപീകരണ സമിതിപോലും രൂപീകരിച്ചത്. ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അതുല്യകലാകാരന്‍ തിലകനെ വിലക്കുന്നതിനായി ഇടപെട്ടെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. കുറ്റാരോപിതരായ വ്യക്തികളെ സംരക്ഷിക്കാനും മഹത്വവത്കരിക്കാനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രവര്‍ത്തിച്ചത്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാന് ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in