കോഴിക്കോട് ലോ കോളേജിൽ വിദ്യാർഥിക്ക് ജാതി അധിക്ഷേപം: എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ
കോഴിക്കോട് ഗവ.ലോ കോളേജിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. 15 പ്രവൃത്തിദിവസത്തേക്കാണ് സസ്പെൻഷൻ. ഈ ദിവസങ്ങളിൽ കുറ്റാരോപിതർ ക്യാമ്പസിൽ പ്രവേശിക്കുകയോ ഹോസ്റ്റലിൽ തങ്ങുകയോ ചെയ്യരുതെന്ന് ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ ഏഴിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. മെസിൽവച്ച് ജാതീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു വിദ്യാർഥിയുടെ പരാതി. പരാതി നൽകിയിട്ടും കോളേജ് അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു സമരരംഗത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ കമ്മീഷൻ രൂപീകരിച്ചത്.
റാഗിങ് ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കുറ്റക്കാരായ വിദ്യാർഥികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തത്. നിലവിൽ പോലീസിന് കൈമാറിയ പരാതിയിൽ അന്വേഷണം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കോളേജ് മെസ് കമ്മിറ്റി അംഗമായിരുന്ന യുവാവ് മാറ്റ് വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി നൽകാറുണ്ടായിരുന്നു. എന്നാൽ സംഭവം നടന്ന ദിവസം മെസ് ഡ്യൂട്ടി കഴിഞ്ഞ പോകുമ്പോഴാണ് തർക്കം ഉണ്ടായത്. സുഹൃത്തിനുവേണ്ടി ഭക്ഷണം ചോദിച്ചെത്തിയ എസ്എഫ്ഐക്കാരനായ മനു വിജയൻ എന്ന വിദ്യാർഥി അനാവശ്യമായി കയർത്തു സംസാരിക്കുകയും വംശീയത നിറഞ്ഞ തെറികൾ വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് മനുവിന്റെ സുഹൃത്തുക്കളായ മറ്റ് എസ് എഫ് ഐ പ്രവർത്തകരെത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
''നീ ഭക്ഷണത്തിൽ തുപ്പിയിട്ടിട്ടാണോ വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് മനു ചോദിച്ചു. എന്താണുദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ പ്രശ്‌നമുണ്ടാക്കാൻ വന്നതാണെന്ന് പറഞ്ഞുകൊണ്ട് വംശീയത നിറഞ്ഞ തെറികൾ വിളിച്ചു. ഇതിനുപിന്നാലെ എത്തിയ അഭിഷേക് ടി എം, വരുൺ പി എന്നീ ത്രിവത്സര ബാച്ചിലെ അവസാന വർഷ വിദ്യാർഥികൾ സീനിയറിനോട് മോശമായി സംസാരിച്ചുവെന്ന് കുറ്റപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. നിന്നെപ്പോലെ ഓസിനല്ല (സൗജന്യമായിട്ടല്ല), 3000 രൂപ കൊടുത്താണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു,'' വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.
എന്നാൽ, പരാതിയിൽ പറയുന്നതുപോലെയൊന്നും നടന്നിട്ടില്ലെന്നും ചെറിയൊരു തർക്കം മാത്രമാണുണ്ടായതെന്നുമായിരുന്നു എസ്എഫ്‌ഐയുടെ പക്ഷം.