എസ്എഫ്‌ഐയ്ക്ക് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനം' ആക്രമണത്തിന് ചരിത്രം കൊണ്ട് പ്രതിരോധം

എസ്എഫ്‌ഐയ്ക്ക് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനം' ആക്രമണത്തിന് ചരിത്രം കൊണ്ട് പ്രതിരോധം

എസ് എഫ് ഐ സമീപകാലത്ത് ആരോപണ വിധേയരായ ഗുണ്ടാ പ്രവർത്തനങ്ങളെയാണ് മുഖ്യമന്ത്രി രക്തസാക്ഷികളെക്കുറിച്ച് പറഞ്ഞ് പ്രതിരോധം തീർത്തത്. നിങ്ങളെയും കൊണ്ടെ എസ്എഫ്ഐ പോകുവെന്ന് വിഡി സതീശൻ പ്രതികരിച്ചു
Updated on
3 min read

കാര്യവട്ടം അടക്കമുള്ള വിവിധ ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളെ തള്ളി പറയാതെ മുഖ്യമന്ത്രി. എസ്എഫ്ഐ പൊങ്ങി പൊങ്ങി പോകുന്ന പ്രസ്ഥാനമാണെന്നും എസ്എഫ്ഐ ആയതുകൊണ്ട് മാത്രം 35 പേർ രക്തസാക്ഷികളായെന്നുമടക്കമുള്ള ചരിത്രം പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി എസ്എഫ്ഐയ്ക്കെതിരായ ആക്രമണത്തെ ന്യായീകരിച്ചത്. നിയമസഭയിൽ എം വിൻസെൻ്റാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രത്യയശാസ്ത്രമല്ല, ഇടിമുറിയിലെ ഭീകരതയാണ് എസ്എഫ്ഐയുടെ ബലമെന്നായിരുന്നു അദ്ദേഹത്തിൻറെ ആരോപണം. എസ്എഫ്ഐ സിപിഎമ്മിന് ബാധ്യതയാകുമെന്നും മുഖ്യമന്ത്രി മഹാരാജവല്ലെന്ന കാര്യം ഓർമ്മിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇറങ്ങി പോകലിന് മുമ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പാർലമെൻ്ററി കാര്യ മന്ത്രി എംബി രാജേഷ് ഉൾപ്പെടെയുള്ളവർ തടസ്സവാദങ്ങളുമായി രംഗത്തെത്തി.

രക്ഷാപ്രവര്‍ത്തനം എന്നുവിളിച്ചതിന്റെ പേരിലാണ് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പരാജയപ്പെട്ടുപോയത് എന്നാണ് പറയുന്നത്. വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെ

പിണറായി വിജയൻ, മുഖ്യമന്ത്രി

കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ ചരിത്രം പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി എസ്എഫ്ഐയ്ക്ക് പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. ഇതിനിടയിൽ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച നടപടിയെ രക്ഷാ പ്രവർത്തനമെന്ന് വിളിച്ചതിനെയും മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ രക്ഷാ പ്രവർത്തന പ്രസ്താവനയ്ക്കതിരെ വിമർശനമുയർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. '' രക്ഷാപ്രവര്‍ത്തനം എന്നുവിളിച്ചതിന്റെ പേരിലാണ് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പരാജയപ്പെട്ടുപോയത് എന്നാണ് പറയുന്നത്. വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെ,മുഖ്യമന്ത്രി പറഞ്ഞു

എംഎല്‍എമാരായ എം വിന്‍സന്റും ചാണ്ടി ഉമ്മനും നേതൃത്വം നല്‍കിയ പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയുട അടിസ്ഥാനത്തില്‍ എം വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് എതിരെ കേസെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലുണ്ടായിരുന്ന ഗാന്ധി ചിത്രം എസ്എഫ്‌ഐ തകര്‍ത്തു എന്നായിരുന്നു പ്രചരണം. എന്നാല്‍ ആരാണ് ചെയ്തതെന്ന് കണ്ടതാണ്. എകെജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ട ആളുകളായിരുന്നു. തന്നെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് ആയിരുന്നു. എസ്എഫ്‌ഐയെ അധിക്ഷേപിക്കുന്നതിന് വേണ്ടി ബോധപൂര്‍വം ശ്രമം നടന്നപ്പോള്‍ അത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നതിന് അതിരുവേണ്ടെയെന്ന് താന്‍ പറഞ്ഞിട്ടുണ്ടാകാം.

യൂണിവേഴ്‌സിറ്റി കോളേജില്‍ ചാപ്പകുത്തിയെന്ന് എസ്എഫ്‌ഐക്ക് എതിരെ വ്യാജ പ്രചാരണം നടത്തി. ധീരജ് രാജേന്ദ്രന്‍ അടക്കം 35 പേരാണ് എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തിന്റെ രീതിയില്‍ കൊലചെയ്യേണ്ടിവന്നത് എസ്എഫ്‌ഐ അല്ലേ. ഇത്തരം അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോ? ധീരജ് കൊല്ലപ്പെട്ടപ്പോള്‍ ഇരന്നുവാങ്ങിയ മരണം എന്നാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പറഞ്ഞത്. .

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എസ്എഫ്‌ഐയ്ക്കും പങ്കുണ്ടെന്നത് അടക്കമുള്ള വിമര്‍ശനങ്ങള്‍ സിപിഎം ഘടകങ്ങളില്‍ ഉയരുന്നതിനിടെയാണ് സഭയില്‍ എസ്എഫ്‌ഐ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയായി എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ സിപിഎം കമ്മിറ്റികളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മതിയായ മറുപടി നല്‍കിയിരുന്നില്ല. സിപിഎമ്മിനുള്ളിലും പുറത്തും ഉയരുന്ന എസ്എഫ്‌ഐ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്, പിണറായി വിജയന്‍ സഭയില്‍ നടത്തിയത് എന്നുവേണം ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് മനസിലാക്കേണ്ടത്.

എസ്എഫ്‌ഐയ്ക്ക് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനം' ആക്രമണത്തിന് ചരിത്രം കൊണ്ട് പ്രതിരോധം
കുണ്ടറ ആലീസ് വധക്കേസ്: 10 വര്‍ഷം തടവിൽ കഴിഞ്ഞ പ്രതി ഗിരീഷ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

എന്തു വൃത്തികേടും കാണിക്കാന്‍, ആരേയും തല്ലിക്കൊല്ലാന്‍ കുറേ ആളുകള്‍ക്ക് മുഖ്യമന്ത്രി തന്നെ ലൈസന്‍സ് നല്‍കിയിരിക്കുകയാണ്

വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഇന്നത്തെ പ്രസംംഗം ക്യാംപസുകളില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള രാഷ്ട്രീയ സംരക്ഷണം ഒരുക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന നിലപാട് ഇനിയും പറയുമെന്നുള്ള മുഖ്യമന്ത്രിയുട പ്രസംഗം സിപിഎം മാറില്ലെന്ന ഉറച്ച തീരുമാനമാണ് വെളിപ്പെടുത്തുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

എന്തു വൃത്തികേടും കാണിക്കാന്‍, ആരേയും തല്ലിക്കൊല്ലാന്‍ കുറേ ആളുകള്‍ക്ക് മുഖ്യമന്ത്രി തന്നെ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേപോകുള്ളു എന്നും സിപിഎം മനസിലാക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

വിദ്യാര്‍ഥികളും രക്ഷിതാക്കള്‍ക്കും എസ്എഫ്‌ഐ ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്ന് എം വിന്‍സന്റ് പറഞ്ഞു. മുഖ്യമന്ത്രി നല്‍കുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്‌ഐയെ അതിക്രമങ്ങള്‍ നടത്താന്‍ ധൈര്യം നല്‍കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്‌ഐയ്ക്ക് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനം' ആക്രമണത്തിന് ചരിത്രം കൊണ്ട് പ്രതിരോധം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് പതിനാലുകാരന്‍ മരിച്ചു

എസ്എഫ്‌ഐ അതിക്രമങ്ങള്‍ കാരണം കുട്ടികള്‍ ക്യാമ്പസുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയാണ് എന്ന് വിന്‍സന്റ് ആരോപിച്ചു. കെഎസ്‌യു നേതാവിനെ ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദിച്ചു. എസ്എഫ്‌ഐ അതിക്രമങ്ങള്‍ ചര്‍ച്ചയ്ക്ക് വന്ന സമയത്തെല്ലാം അതിനെ ന്യായീകരിക്കുന്ന സമീപമനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ലോ കോളജിലെ കെഎസ്‌യുവിന്റെ വനിതാ നേതാവിനെ നിലത്തിട്ട് ചവിട്ടി. കെഎസ്‌യു നേതാക്കളെ വീടുകളില്‍ പോയി മര്‍ദിച്ചു. അന്ന് ഞങ്ങള്‍ സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ എസ്എഫ്‌ഐ പൊങ്ങിപ്പൊങ്ങി പോകുന്നതിന്റെ അസൂസയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എഐഎസ്എഫിന്റെ വനിതാ നേതാവിനെ കേട്ടാലറയ്ക്കുന്ന ഭാഷാപ്രയോഗം നടത്തിയ നേതാവിനെ സംസ്ഥാന സെക്രട്ടറിയാക്കിയപ്പോള്‍ എസ്എഫ്‌ഐ പൊങ്ങിപ്പോയി, വിന്‍സന്റ് പറഞ്ഞു.

കേരളത്തിലെ മനസാക്ഷിയെ ഞെട്ടിച്ച സിദ്ധാര്‍ത്ഥിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് സഭയില്‍ ചര്‍ച്ച നടന്നപ്പോഴും മുഖ്യമന്ത്രി ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്. ഹെല്‍മെറ്റും ചെടിച്ചട്ടിയും കൊണ്ട് പ്രതിഷേധിക്കുന്നവരെ അക്രമിച്ചവരെ രക്ഷാപ്രവര്‍ത്തകര്‍ എന്നുവിളിച്ച് സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. അവരെ സംരക്ഷിച്ചതിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം, എം വിന്‍സന്റ് കൂട്ടിച്ചേര്‍ത്തു.

എസ്എഫ്‌ഐയ്ക്ക് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനം' ആക്രമണത്തിന് ചരിത്രം കൊണ്ട് പ്രതിരോധം
ഉദ്യോഗസ്ഥരുടെ റീലിന് സര്‍ക്കാരിന്റെ ലൈക്ക്; കയ്യടിച്ചും ശാസിച്ചും സോഷ്യല്‍ മീഡിയ

കാര്യവട്ടം ക്യാംപസിലെ ഇടിമുറിയിലെ നമ്പര്‍ 121. സിദ്ധാര്‍ഥിനെ ഇടിച്ചു ചതച്ച ഇടിമുറിയുടെ നമ്പര്‍ 21. എല്ലാ ക്യാംപസുകളിലും ഇടിമുറിയുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലല്ല എസ്എഫ്‌ഐ നില്‍ക്കുന്നത് ഇടുമുറിയുടെ ഭീകരതയിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ഭരണപക്ഷം ബഹളവുമായി രംഗത്തെത്തി.

എന്നാല്‍, പുറത്തുനിന്നുള്ളവരാണ് ക്യാമ്പസിലെത്തി സംഘര്‍ഷമുണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. പതിനഞ്ച് എസ്എഫ്‌ഐക്കാര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെന്‍സ് ഹോസ്റ്റലില്‍ പുറത്തുനിന്നൊരാള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. കെഎസ്‌യു നേതാക്കള്‍ക്കൊപ്പമാണ് ക്യാമ്പസിന് പുറത്തുനിന്ന് ആളെത്തിയത്. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‌യു നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പതിനഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

logo
The Fourth
www.thefourthnews.in