ബാലറ്റ് പേപ്പര്‍ കാണാതായതിനെച്ചൊല്ലി എസ് എഫ് ഐ - കെ എസ് യു സംഘർഷം; കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി
കേരള സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ സംഘർഷം. കെ എസ് യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് തർക്കമുണ്ടായത്. റിസർവേഷൻ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ അട്ടിമറിക്കാനുള്ള ശ്രമം എസ്എഫ്ഐ നടത്തിയെന്നായിരുന്നു കെ എസ് യുവിൻ്റെ ആരോപണം. കെ എസ് യു പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച് എന്ന് എസ്എഫ്ഐയും ആരോപിക്കുന്നു.
സെനറ്റ് ഹാളിനകത്തുവച്ചാണ് എസ്എഫ്ഐ കെ എസ് യു പ്രവർത്തകർ തമ്മിലടിച്ചത്. പോലീസ് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും അവർ അടങ്ങിയില്ല. കെ എസ് യു പ്രവർത്തകരെ പുറത്തിറക്കണം എന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കൾ ഹാളിനു പുറത്തെത്തിയെങ്കിലും പോലീസ് അവരെ അകത്തേക്ക് കടത്തി വിട്ടില്ല. നിലവിൽ ഗേറ്റിനകത്തേക്ക് ആരെയും കടത്തിവിട്ടില്ല. അതേസമയം സംഘർഷത്തെ തുടർന്ന് സർവകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കി.
തർക്കമുണ്ടായ സീറ്റുകളിൽ എസ്എഫ്ഐ സ്വയം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് കെ എസ് യു ആരോപിക്കുന്നത്. കഴിഞ്ഞ തവണ കെ എസ് യു ജയിച്ച രണ്ട് സീറ്റുകളിൽ ഉൾപ്പെടുന്നതാണ് ഇപ്പോൾ തർക്കമുണ്ടായ സംവരണ സീറ്റും.
രജിസ്ട്രാറുടെ സഹായത്തോടെ എസ്എഫ്ഐ ഉണ്ടാക്കിയെടുത്ത അട്ടിമറി വിജയമാണിത് എന്നാണ് കെ എസ് യു ആരോപിക്കുന്നത്. തങ്ങളുടെ പ്രവർത്തകരെ എസ്എഫ്ഐക്കാർ സെനറ്റ് ഹാളിനകത്ത് തടഞ്ഞു വച്ചിരിക്കുകയാണെന്നും ഈ തർക്കത്തിനൊരു പരിഹാരമുണ്ടാക്കിയതിനു ശേഷം മാത്രമേ ഇനി അവരെ പുറത്തേക്ക് വിടൂ എന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്.
പോലീസ് എസ്എഫ്ഐക്കാരെ സഹായിക്കാനുള്ള ശ്രമം നടത്തുന്നു എന്നും കെ എസ് യു ആരോപിക്കുന്നു. സംഘർഷത്തിൽ സെനറ്റ് ഹാളിലെ കസേരകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വടിയുൾപ്പെടെയുള്ള വസ്തുക്കൾ വച്ചാണ് വിദ്യാർഥികൾ തമ്മിൽതല്ലിയത്.