എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം:
പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും കോളേജില്‍ നിന്ന് പുറത്താക്കും

എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം: പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും കോളേജില്‍ നിന്ന് പുറത്താക്കും

വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം
Updated on
1 min read

വയനാട് മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ തീരുമാനം. അഭിനന്ദ്, അഭിനവ്,കിരണ്‍രാജ്, അലന്‍, ഷിബിലി എന്നിവരെ കോളേജില്‍ നിന്ന് പുറത്താക്കും. മേപ്പാടി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇവര്‍. വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം. ഇവര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യവും പുറത്തു വന്നിരുന്നു. അതിനിടെ കോളേജ് സ്റ്റാഫ് കമ്മിറ്റി ചേര്‍ന്ന് പ്രത്യേക അന്വേഷണ കമ്മിറ്റിയേയും നിയമിച്ചു.

മേപ്പാടി പോളിടെക്നിക് കോളേജില്‍ വെച്ച് എസ്എഫ്ഐ വനിതാ നേതാവായ അപര്‍ണയെ മുപ്പതിലേറെ പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. അക്രമി സംഘത്തിലുണ്ടായിരുന്ന കോളേജിന് പുറത്തുനിന്നുള്ള രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പിണങ്ങോട് പാറപ്പുറം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, താമരശേരി കട്ടിപ്പാറ കല്ലുവീട്ടില്‍ മുഹമ്മദ് അസ്ലം എന്നിവരാണ് പിടിയിലായത്.

ട്രാബിയോക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ലഹരിസംഘമാണ് തന്നെ ആക്രമിച്ചതെന്ന് അപര്‍ണ മൊഴി നല്‍കിയിരുന്നു. കോളേജില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നെന്നാരോപിച്ച്, സംഘത്തിലെ പലര്‍ക്കുമെതിരെ അപര്‍ണ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപര്‍ണയെ മര്‍ദിച്ചത് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകരാണെന്നും ഇവര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് എസ്എഫ്‌ഐ ആരോപണം.

കോളേജ് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കവെയാണ് അപര്‍ണ ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അപര്‍ണയെ അക്രമികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അപര്‍ണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോളേജില്‍ പരിശോധന നടത്താനെത്തിയ മേപ്പാടി സിഐ വിപിന് നേരെയും ആക്രമണമുണ്ടായി. പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 40 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായുള്ള തെളിവുകള്‍ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വീടുകളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് ഉപയോഗത്തിനാവശ്യമായ വസ്തുക്കളടക്കം പോലീസ് കണ്ടെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in