ആർഷൊ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടില്ല; മലക്കംമറിഞ്ഞ് കോളേജ് അധികൃതർ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയ്ക്ക് എതിരായ നിലപാടിൽ മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ്. ആർഷൊ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെന്ന വാദമാണ് തിരുത്തിയത്. ആർഷൊ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫീസ് അടച്ചില്ലെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ പറയുന്നത്. നാലാം സെമസ്റ്ററിൽ പുനഃപ്രവേശം നേടുകയാണുണ്ടായതെന്നും കോളേജ് അധികൃതർ പറഞ്ഞു.
സപ്ലിമെന്ററി പരീക്ഷയുടെ ഫീസ് അടച്ചെന്നും ആർഷൊയുടെ വാദം തെറ്റാണെന്നും കാണിച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത രേഖ കോളേജ് നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ആ രേഖയിലും സാങ്കേതിക പിഴവുണ്ടായെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ പറയുന്നത്.
'ആർഷൊ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടില്ല. നാലാം സെമസ്റ്ററിൽ പുനഃപ്രവേശം നേടുകയാണുണ്ടായത്. 2021 ലെ പട്ടികയിലാണ് പുനഃപ്രവേശം നേടിയത്'- കോളേജ് അധികൃതർ വ്യക്തമാക്കി. മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് താൻ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ആർഷൊ നേരത്തെ വ്യക്തമാക്കിയിരുന്നു.
പല കുട്ടികളുടെ കാര്യത്തിലും സാങ്കേതിക പിഴവ് സംഭവിച്ചുവെന്നാണ് കോളേജിന്റെ വിശദീകരണം. പാസ്‍വേഡ് പ്രൊട്ടക്റ്റഡ് ആണ്. പബ്ലിക് ഡൊമൈനിൽ ലഭ്യമല്ല. ആർഷൊ നാലാം സെമസ്റ്ററിലേക്കാണ് പുനഃപ്രവേശനം നേടിയത്. അതിനാൽ മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കൊപ്പം റിസൾട്ട് വന്നു. പാസായി എന്ന് റിസൾട്ട് വന്നത് സാങ്കേതിക പിഴവാണെന്നുമാണ് കോളേജിന്റെ വിശദീകരണം.
അതേസമയം മഹാരാജാസ് കോളേജിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് വിദ്യാ വിജയൻ എന്ന എസ്എഫ്ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയെ എഴുതാത്ത പരീക്ഷ പാസായ പട്ടികയിൽ ഉൾപെടുത്തിയതിലും പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മഹാരാജാസ് കോളേജിലെ ഇടതുപക്ഷ അധ്യാപക അനധ്യാപക സംഘടനയ്ക്കും എസ്എഫ്ഐ നേതൃത്വത്തിനും പങ്കുണ്ടെന്നാണ് കെ എസ് യുവിന്റെ ആരോപണം. ജലപീരങ്കി പ്രയോഗിച്ച പോലീസ് കെ എസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.