'എസ്എഫ്‌ഐഒ അന്വേഷണം നിയമപരം, എക്‌സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേട്'; കര്‍ണാടക ഹൈക്കോടതി വിധി വിശദാംശങ്ങള്‍ പുറത്ത്
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതി വിധി ശരിവെക്കുന്നത് എക്‌സാലോജിക് കമ്പനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ. എക്‌സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേടെന്നും എസ്എഫ്‌ഐഒ അന്വേഷണം നിയമപരമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന വിധിയില്‍ പറയുന്നു. വിധിയുടെ വിശദശാംശങ്ങള്‍ പുറത്തുവന്നു.
കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് ആര്‍ഒസി, എസ്എഫ്‌ഐഒയ്ക്ക് കൈമാറിയതെന്ന് കോടതി വിലയിരുത്തി. നിലവില്‍ കാര്യകാരണങ്ങള്‍ പരിശോധിക്കേണ്ട ഘട്ടത്തിലല്ല എസ്എഫ്‌ഐഒ അന്വേഷണമുള്ളത്. അന്വേഷണം തടയേണ്ടതോ വിലക്കേണ്ടതോ ആയ സാഹചര്യം നിലവിലില്ല.
അന്വേഷണം റദ്ദാക്കാനായി വീണ വിജയന്‍ നല്‍കിയ വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം റദ്ദാക്കാനായി വീണ വിജയന്‍ നല്‍കിയ വാദങ്ങള്‍ സ്വീകാര്യമല്ല. വസ്തുതകള്‍ കണ്ടെത്താന്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യമെന്നും കോടതി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ വളർച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സങ്കീർണത വർധിച്ചുവെന്നും അത്തരം കുറ്റകൃത്യങ്ങൾ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കുള്ള യഥാർത്ഥ ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് എസ് എഫ് ഐ ഒ പോലെ വിപുലമായ അധികാരങ്ങളുള്ള ഏജൻസി തന്നെ കേസ് അന്വേഷിക്കുന്നത് നല്ലതാണെന്ന് കോടതി പറയുന്നത്.
“ഇടപാടുകളുടെ സങ്കീർണതകളും കേസിൽ ഉൾപ്പെടുന്ന ആൾക്കാരുടെ പ്രവൃത്തികളും നിമിത്തം ഇത്തരം കേസുകൾ അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാണ്. അതിസങ്കീർണമായ ധാരാളം പ്രക്രിയകൾ ഇത്തരം കേസുകളിൽ വേണ്ടിവരും. സൂക്ഷ്മവും സങ്കീർണവുമായ വിവരങ്ങൾ ചികഞ്ഞെടുക്കാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ സമർഥ്യമുള്ള എസ് എഫ് ഐ ഒ തന്നെ അന്വേഷിക്കേണ്ടി വരും,” അന്വേഷണത്തെ സാധൂകരിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന വിധിയിൽ പറയുന്നു.
വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള 1.73 കോടി രൂപയുടെ ഇടപാട് മാത്രമല്ല എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്ളതെന്നും സിഎംആർഎൽ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കൈമാറിയ 135 കോടി രൂപയും അന്വേഷണ പരിധിയിലുണ്ടെന്നും ഉത്തരവിൽ വ്യക്തമാണ്.
നിയമത്തിലെ വാചകങ്ങൾ അടർത്തിയെടുത്ത് പുതിയ അന്വേഷണം നിയമവിരുദ്ധവും അന്യായവുമാണെന്ന് വരുത്താനുള്ള വീണയുടെ അഭിഭാഷകൻ അരവിന്ദ് ദത്താറിന്റെ ശ്രമങ്ങളെ ദുർബലമായ വാദമെന്നാണ് കോടതി നിരീക്ഷിക്കുന്നത്. കോർപറേറ്റ് കാര്യ മന്ത്രാലയം ജനുവരിയിൽ ഉത്തരവിട്ട അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിന്നീട് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും 46പേജുളള വിധിയിൽനിന്ന് വ്യക്തമാകുന്നു.
കർണാടക ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെ വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ അന്വേഷണ ഏജൻസിക്കു മുന്നിലുള്ള തടസങ്ങളെല്ലാം നീങ്ങി.
എസ് എഫ് ഐ ഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 12ന് ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് നാഗപ്രസന്ന ഇന്നലെയാണ് വിധി പറഞ്ഞത്. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ എസ് എഫ് ഐ ഒ കേസിൽ ഇടപെടുന്നതിനെ എക്സലോജിക് ചോദ്യം ചെയ്തു. അത്ര ഗൗരവകരമായ കേസല്ല ഇതെന്നും അവർ കോടതിയിൽ വാദിച്ചു.
തിങ്കളാഴ്ച നടന്ന വാദത്തിന് ശേഷം, ഹർജിയിൽ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പോലുള്ള ഗുരുതര നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം, എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് എക്സലോജിക്കിനോടും കോടതി നിര്‍ദേശിച്ചു. ഒരു സേവനവും നൽകാതെയാണ് എക്സലോജിക് സി എം ആർ എലിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് എന്നാണ് വീണയ്‌ക്കെതിരായ കേസ്.
വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.