രാവിലെ 'ബോധ്യം', വൈകീട്ട് തിരിച്ചറിവ്; കായംകുളം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അന്തംവിട്ട് എസ്എഫ്ഐ

രാവിലെ 'ബോധ്യം', വൈകീട്ട് തിരിച്ചറിവ്; കായംകുളം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അന്തംവിട്ട് എസ്എഫ്ഐ

രാവിലെ പറഞ്ഞത് എസ്എഫ്ഐയ്ക്ക് അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളായിരുന്നുവെന്നായിരുന്നു വൈകീട്ട് കേരള സർവകലാശാല വിസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആർഷൊ തിരുത്തിപ്പറഞ്ഞത്
Updated on
3 min read

''രണ്ട് ദിവസമായി വാര്‍ത്ത നല്‍കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നാണ്. അത് എന്ത് മാധ്യമ സ്വാതന്ത്ര്യമാണ്? മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ശേഷമാണ് എംഎസ്എഫും കെഎസ്‌യുവും പരാതി നല്‍കിയത്,'' ഇന്നു രാവിലെ മാധ്യമങ്ങൾക്കെതിരെയും നിഖിലിനെതിരെ ആരോപണമുയർത്തിയവർക്കെതിരെയും കത്തിക്കയറുകയായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷൊ. എന്നാൽ വൈകുന്നേരമാവുമ്പോഴത്തേക്കും കഥ മാറി. എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റേത് വ്യാജ ബിരുദ സർട്ടിഫിക്കറ്റാണെന്ന് വ്യക്തമായതോടെ മലക്കംമറിയേണ്ടി വന്നു ആർഷൊയോക്ക്.

രാവിലെ പറഞ്ഞത് എസ്എഫ്ഐയ്ക്ക് അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളായിരുന്നുവെന്ന് ന്യായീകരിക്കാൻ ശ്രമിച്ച ആർഷൊ, കലിംഗ സര്‍വകലാശാലയില്‍ നിഖിലിന് ഹാജരുണ്ടായിരുന്നോവെന്ന സംശയം ആദ്യം ഉന്നയിച്ചത് തങ്ങളാണെന്നും ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽപെട്ടോയെന്നു വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വൈകീട്ട് എത്തിയത്.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെയും കലിംഗ സര്‍വകലാശാലയുടെയും വെളിപ്പെടുത്തലുകളോടെയാണ് എസ്എഫ്ഐ വാദങ്ങളെല്ലാം പൊളിഞ്ഞത്. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചുവെന്നുംകലിംഗയില്‍ 2018 മുതല്‍ 2021 വരെ റഗുലര്‍ വിദ്യാര്‍ഥിയായിരുന്നുവെന്നുമാണ് ആർഷൊ അതുവരെ പറഞ്ഞിരുന്നത്. നിഖിൽ മുഴുവന്‍ രേഖകളും എസ്എഫ്‌ഐയ്ക്ക് മുന്നില്‍ ഹാജരാക്കിയെന്നും അവയെല്ലാം ഒറിജിനലാണെന്നും ആര്‍ഷൊ രാവിലെ ഉറപ്പിച്ചുപറയുകയായിരുന്നു. നിഖിൽ കേരള സര്‍വകലാശാലയിലെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തിരുന്നുവെന്നും വ്യാജ ഡിഗ്രിയല്ലെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും ആർഷൊ ആവശ്യപ്പെട്ടിരുന്നു.

കായംകുളം എംഎസ്എം കോളേജില്‍ എംകോം പ്രവേശനം ലഭിക്കുന്നതിനാണ് നിഖിൽ കലിംഗ സർവകാശാലയുടെ പേരിലുള്ള ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് ആരോപണമുയർന്നതോടെയാണ് വിവാദമുടലെടുത്തത്. എന്നാൽ നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ പറഞ്ഞ കാലത്ത് കായംകുളം എംഎസ്എം കോളേജില്‍ ബിരുദത്തിന് പഠിച്ചിരുന്നുവെന്നും പരീക്ഷ എഴുതിയിരുന്നുവെന്നും മോഹനന്‍ കുന്നുമ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിഖില്‍ കലിംഗയില്‍ പഠിച്ചുവെന്നും പരീക്ഷ പാസായെന്നും രേഖകളില്‍ വ്യക്തമാണെന്നും വ്യാജ ഡിഗ്രിയല്ലെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നുമായിരുന്നു ആർഷൊ രാവിലെ പറഞ്ഞത്

'അത് വ്യാജ ഡിഗ്രിയല്ല'; രാവിലെ നിഖിലിന് ആര്‍ഷൊയുടെ ക്ലീന്‍ ചിറ്റ്

നിഖിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചുവെന്നും കലിംഗയില്‍ 2018 മുതല്‍ 2021 വരെ റഗുലര്‍ വിദ്യാര്‍ഥിയായിരുന്നുവെന്നാണ് പിഎം ആർഷൊ രാവിലെ പറഞ്ഞത്. ''മുഴുവന്‍ രേഖകളും നിഖില്‍ എസ്എഫ്‌ഐക്ക് മുന്നില്‍ ഹാജരാക്കി. അവ പരിശോധിച്ചതിൽ ഒറിജിനലാണെന്ന് ബോധ്യപ്പെട്ടു. നിഖില്‍ കലിംഗയില്‍ പഠിച്ചുവെന്നും പരീക്ഷ പാസായെന്നും രേഖകളില്‍ വ്യക്തമാണ്. കേരള സര്‍വകലാശാലയിലെ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്തിരുന്നു. വ്യാജ ഡിഗ്രിയല്ലെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.''

2017 മുതല്‍ 2020 വരെ കായംകുളം എംഎസ്എം കോളേജില്‍ പഠിച്ച നിഖിൽ അവസാന സെമസ്റ്റര്‍ വരെയുള്ള പരീക്ഷ എഴുതിയതായി കേരള വിസി മോഹൻ കുന്നുമ്മൽ. എംഎസ്എം കോളേജില്‍ 75 ശതമാനം ഹാജരുള്ള നിഖിലിന് എങ്ങനെ ഒരേസമയം കലിംഗ യൂണിവേഴ്സിറ്റിയില്‍ പഠിക്കാനാകുമെന്നും വിസിയുടെ ചോദ്യം

എസ്എഫ്ഐ വാദം പൊളിച്ച് വി സി

എസ്എഫ്‌ഐയുടെ വാദങ്ങൾ പൂർണമായും പൊളിക്കുന്നതായിരുന്നു കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വെളിപ്പെടുത്തൽ. നിഖിലിന്റെ എംകോം പ്രവേശനത്തില്‍ കായംകുളം കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിസി മാധ്യമങ്ങളോട് പറഞ്ഞു.

നിഖില്‍ കോഴ്സ് കാന്‍സല്‍ ചെയ്താണ് കലിംഗയില്‍ അഡ്മിഷന്‍ നേടിയതെന്ന ആര്‍ഷോയുടെ വാദം വി സി തള്ളി. നിഖില്‍ കോഴ്സ് ഇടയ്ക്ക് നിര്‍ത്തിയിട്ടില്ല. 2017 മുതല്‍ 2020 വരെ കായംകുളം എംഎസ്എം കോളേജില്‍ പഠിച്ച നിഖിൽ അവസാന സെമസ്റ്റര്‍ വരെയുള്ള പരീക്ഷ എഴുതിയിട്ടുണ്ട്.

അറ്റൻഡൻസ് ഇല്ലാതെ പരീക്ഷയെഴുതാന്‍ കഴിയില്ല. എംഎസ്എം കോളേജില്‍ 75 ശതമാനം ഹാജരുള്ള നിഖിലിന് എങ്ങനെ ഒരേസമയം കലിംഗ യൂണിവേഴ്സിറ്റിയില്‍ പഠിക്കാനാകുമെന്ന് വിസി ചോദിച്ചു. രാവിലെ റായ്പൂരിലും വൈകീട്ട് കായംകുളത്തും പഠിക്കാൻ ഇരു സ്ഥലങ്ങളെയും ബന്ധിപ്പിച്ച് വിമാനസർവിസൊന്നും ഇല്ലല്ലോയെന്ന് വിസി പരിഹസിച്ചു.

2018-19 വര്‍ഷത്തിലാണ് കേരളയിൽ നിഖിൽ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നത്. എന്നാൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും പരിശോധിച്ചതിൽ മനസിലാവുന്നത് കലിംഗയിൽ 2017 ജൂലൈ മുതല്‍ 2020 ജൂൺ വരെയുള്ള മൂന്ന് വര്‍ഷത്തെ പ്രതിവര്‍ഷ കോഴ്‌സാണ് ചെയ്തതെന്നാണ്. ബികോം കോഴ്സ് സെമസ്റ്റർ കോഴ്സാണെന്നാണ് ഇപ്പോൾ കലിംഗ സർവകലാശാലയുടെ വെബ്സൈറ്റിൽ കാണുന്നത്. അന്ന്എങ്ങനെയായിരുന്നുവെന്ന് അറിയില്ല. ബികോം, ബികോം (ഓണേഴ്സ്) എന്നിങ്ങനെ അവിടെ രണ്ടുതരം കോഴ്സുണ്ട്. ബികോം ഓണേഴ്സിനാണ് ബാങ്കിങ്ങും ഫിനാൻസുമുള്ളത്. എന്നാൽ നിഖിൽ സമർപ്പിച്ചിരിക്കുന്ന രേഖയിൽ ബികോം (ബാങ്കിങ് ഫിനാൻസ്) എന്നാണ്.

കായംകുളത്ത് പഠിച്ച കാലത്ത് പല പേപ്പറുകളും നിഖിലിന് കിട്ടിയിട്ടിയില്ല. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ എംകോമിന് പ്രവേശനം നൽകി. അതേ കോളജിൽ ബികോം തോറ്റയാൾ ജയിച്ചെന്ന ജയിച്ചെന്ന സർട്ടിഫിക്കറ്റ് കാണിക്കുമ്പോൾ കോളജ് എന്തുകൊണ്ട് പരിശോധിച്ചില്ല. കലിംഗയിൽ ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്നാണ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ച രേഖ.

നിഖില്‍ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല രജിസ്ട്രാർ

നിഖില്‍ കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല

വിവാദം കടുത്തതോടെ വിഷയത്തില്‍ വിശദീകരണവുമായി കലിംഗ സര്‍വകലാശാലയും രംഗത്തെത്തി. നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നാണ് സര്‍വകലാശാലയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കിയെന്നും നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. സെമസറ്ററിലാണ് പരീക്ഷയെന്നും വർഷത്തിൽ അല്ലെന്നും സർവകലാശാല വ്യക്തമാക്കി.

ഞങ്ങള്‍ പരിശോധിച്ച കാര്യങ്ങളാണ് രാവിലെ പങ്കുവച്ചത്. ഞങ്ങള്‍ക്ക് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പോയി പരിശോധിക്കാന്‍ കഴിയില്ല. കേരള സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണ്. ആ വസ്തുതയുടെ കൂടെ അടിസ്ഥാനത്തിലാണ് ഇത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞത്

മലക്കം മറിഞ്ഞ് ആർഷൊ, 'പറഞ്ഞതെല്ലാെം എസ്എഫ്‌ഐക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ'

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികതയുടെ നിജസ്ഥിതി കേരള വിസിയും കലിംഗ സർവകലാശാലയും വ്യക്തമാക്കിയതോടെ എസ്എഫ്ഐക്ക് പിടിച്ചുനിൽക്കാൻ കഴിയാതെയായി. സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്നത് എസ്എഫ്‌ഐ നടത്തിയ അന്വേഷണത്തിൽനിന്ന് ബോധ്യപ്പെട്ട കാര്യമാണെന്നായി വൈകീട്ട് മാധ്യമങ്ങൾക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി പിഎം ആർഷൊയുടെ മലക്കം മറിച്ചിൽ.

നിഖിൽ സമർപ്പിച്ച ബി.കോം സര്‍ട്ടിഫിക്കറ്റിന് കേരള സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങളാണ് നേരത്തെ പറഞ്ഞതെന്നും അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നും ആർഷൊ പറഞ്ഞു.

ഞങ്ങള്‍ പരിശോധിച്ച കാര്യങ്ങളാണ് രാവിലെ പങ്കുവച്ചത്. ഞങ്ങള്‍ക്ക് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പോയി പരിശോധിക്കാന്‍ കഴിയില്ല. സാധ്യമാകുന്നത് ആ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് പരിശോധിക്കുക, സര്‍വകലാശാലയില്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതരുമായി ബന്ധപ്പെടുക, സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് യൂണിവേഴ്‌സിറ്റി നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വസ്തുതയാണോയെന്നത് പരിശോധിക്കുക എന്നതൊക്കെയാണ്.

കേരള സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണ്. ആ വസ്തുതയുടെ കൂടെ അടിസ്ഥാനത്തിലാണ് ഇത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞത്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇതില്‍ ആധികാരികമായി വിവരം നല്‍കാന്‍ കഴിയുക യൂണിവേഴ്‌സിറ്റിക്കാണ്. വിദ്യാര്‍ഥി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് കേരള സര്‍വകലാശാല എലിജബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

കലിംഗ സര്‍വകലാശാലയില്‍ നിഖിലിന് ഹാജരുണ്ടായിരുന്നോയെന്ന സംശയം ഞങ്ങളാണ് ആദ്യം ഉന്നയിച്ചത്. സര്‍ട്ടിഫിക്കറ്റ് വിഷയത്തിൽ അന്വേഷണം നടത്തണം, ഇത് വിരല്‍ ചൂണ്ടുന്നത് വലിയ മാഫിയ സംഘങ്ങളിലേക്കാണ്. നിഖില്‍ ആ മാഫിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. പരീക്ഷയെഴുതിയാല്‍ മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സര്‍വകലാശാലകള്‍ കേരളത്തിന് പുറത്തുണ്ടെന്ന് ഞങ്ങള്‍ നേരത്തെ ഉന്നയിച്ചതാണ്. യുകെ അടക്കമുള്ള രാജ്യങ്ങള്‍ കലിംഗയുടെ സര്‍ട്ടിഫിക്കറ്റ് നിരോധിച്ചിട്ടുണ്ട്. ഇതുപോലെയുള്ള സര്‍വകലാശാലയില്‍ എസ്.എഫ്.ഐ.യുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിച്ചിരുന്നയാള്‍ പഠിക്കാന്‍ പോകാമോ എന്നത് സംബന്ധിച്ച് ആത്മപരിശോധന നടത്തണമെന്നതില്‍ തര്‍ക്കമില്ലെന്നും ആർഷൊ പറഞ്ഞു.

നിഖില്‍ തോമസിന് സസ്പെൻഷൻ, ആറംഗ സമിതി അന്വേഷിക്കും

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നേതാവ് നിഖിൽ തോമസിനെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്ത് കായംകുളം എംഎസ്എം കോളേജ്. എംകോം പ്രവേശനത്തിനായി നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

സംഭവത്തിൽ അന്വേഷണത്തിന് ആറംഗസമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാൻ സമിതിക്ക് നിർദേശം നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. കോളേജിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നിഖിൽ തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in