ട്രെയിൻ തീവയ്പ് കേസ്: തീവ്രവാദ ബന്ധം പറയാറായിട്ടില്ലെന്ന് ഡിജിപി, പ്രതിയെ പിടികൂടിയത് സംയുക്ത നീക്കത്തിലൂടെ

ട്രെയിൻ തീവയ്പ് കേസ്: തീവ്രവാദ ബന്ധം പറയാറായിട്ടില്ലെന്ന് ഡിജിപി, പ്രതിയെ പിടികൂടിയത് സംയുക്ത നീക്കത്തിലൂടെ

പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങള്‍ നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി
Updated on
1 min read

കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവച്ച സംഭവത്തിൽ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോൾ പറയാറായിട്ടില്ലെന്ന് ഡിജിപി അനിൽ കാന്ത്. കൃത്യത്തിന് പിന്നിൽ ഒരാൾ മാത്രമാണോ എന്നത് ഉറപ്പിക്കണം. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നത് നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

''വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ ആരംഭിക്കും. അതിന് ശേഷമേ പ്രതി കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തത വരുത്താൻ കഴിയുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദ വൈദ്യപരിശോധന നടത്തുകയാണ്. സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്. കൃത്യത്തിന് പിന്നില്‍ ഒരാള്‍ മത്രമാണോ എന്നതും ഇനി ഉറപ്പിക്കണം. വസ്തുതകളില്‍ ഊന്നിയാണ് അന്വേഷണം. കേസിന്റെ എല്ലാ ഭാഗവും പരിശോധിക്കും''- ഡിജിപി പറഞ്ഞു.

ട്രെയിനിന് തീവച്ചത് ഒറ്റയ്ക്കാണെന്നും, വേറെ ആർക്കും കുറ്റകൃത്യത്തിൽ പങ്കില്ലെന്നുമായിരുന്നു ഷാരൂഖ് സെയ്ഫി മൊഴി നൽകിയത്. എന്നാൽ ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ഷാരൂഖ് സെയ്ഫിന്റെ ശരീരത്തിലുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും പോലീസ് സർജന്‍ പരിശോധിക്കും.

തീവയ്പ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് ഷാരൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി. റയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ ഒളിച്ചിരിക്കുകയായിരുന്നു. പുലർച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ടിക്കറ്റ് എടുക്കാതെ ജനറൽ കമ്പർട്ട്മെന്റിലായിരുന്ന യാത്ര ചെയ്തത്. ആദ്യമായാണ് കേരളത്തിൽ എത്തുന്നതെന്നും അക്രമം, തന്റെ കുബുദ്ധിയിൽ ചെയ്ത് പോയതാണെന്നുമാണ് ഷാരൂഖ് പറയുന്നത്.

ട്രെയിൻ തീവയ്പ് കേസ്: തീവ്രവാദ ബന്ധം പറയാറായിട്ടില്ലെന്ന് ഡിജിപി, പ്രതിയെ പിടികൂടിയത് സംയുക്ത നീക്കത്തിലൂടെ
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: പിടിയിലായ ഷാരൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചു; ഇന്ന് കോടതിയിൽ ഹാജരാക്കും

എന്നാൽ മഹാരാഷ്ട്ര എടിഎസ് ചോദ്യം ചെയ്ത സമയത്ത് ആക്രമണം ആസൂത്രിതമായി ചെയ്തതാണെന്ന് പറഞ്ഞ ഇയാൾ കേരളാ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഒറ്റയ്ക്കാണ് നടത്തിയതെന്ന് മൊഴി മാറ്റി പറയുകയായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഭവമായതിനാൽ കേസിന്റെ വിശദാംശങ്ങൾ അതീവ രഹസ്യമായിട്ടാണ് സൂക്ഷിക്കുന്നത്. എന്നാൽ പ്രതിയുടെ മൊഴിയിൽ ആധികാരികത ഇല്ലാത്തതിനാൽ അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടരും. കോഴിക്കോട് മാലൂർക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ.

മഹാരാഷ്ട്രയില്‍ നിന്ന് പിടിയിലായ ഷാരൂഖ് സെയ്ഫിയെ സ്വകാര്യ വാഹനത്തില്‍ റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിച്ചത്. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ രണ്ടുതവണ കേടായത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മാമലക്കുന്നില്‍ വച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ വാഹനത്തിന്റെ ടയറാണ് പഞ്ചറായത്. ഒരു മണിക്കൂറോളം പ്രതിയുമായി വഴിയില്‍ കുടുങ്ങിയ ശേഷം  വാഗണ്‍ ആര്‍ കാര്‍ എത്തിച്ചാണ് പിന്നീട് യാത്ര തുടര്‍ന്നത്.

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഷാരൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു.

logo
The Fourth
www.thefourthnews.in