ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: അധികാരം പിടിക്കാന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ലീഗ്, യുഡിഎഫില്‍ പരാതി
പ്രവാസി മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് സിപിഎമ്മും മുസ്ലീം ലീഗും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലാണ് നിലവിലെ സഖ്യവും മുന്നണി മര്യാദകളും വിട്ട് മുസ്ലീം ലീഗ് സിപിഎമ്മിനൊപ്പം കൈകോര്‍ത്തത്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന കോണ്‍ഗ്രസ് ബാന്ധവം ഉപേക്ഷിച്ചാണ് പുതിയ സഖ്യത്തിന് ലീഗ് തയാറായത്. സംസ്ഥാന തലത്തില്‍ ലീഗ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു പോകുമോയെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രവാസ ലോകത്തെ ഈ പരസ്പര സഹകരണം ശ്രദ്ധയാകുന്നത്.
യുഎഇയിലെ പ്രമുഖ മലയാളി അസോസിഷേയനായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ലീഗ്-കോണ്‍ഗ്രസ് സഖ്യമായിരുന്നു വര്‍ഷങ്ങളായി തലപ്പത്ത്. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസിനും സഹഭാരവാഹിത്വം മുസ്ലീംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിക്കുമായിരുന്നു ഇതുവരെ. എന്നാല്‍ യുഎഇയില്‍ കൂടുതല്‍ സ്വാധീനമുള്ള മലയാളി സംഘടന എന്ന നിലയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനം വേണമെന്ന് കെഎംസിസി അവശ്യപ്പെട്ടതോടെയാണ് ഭിന്നത ഉണ്ടായത്.
കെഎംസിസിയുടെ ആവശ്യം ഇന്‍കാസ് തള്ളിയതോടെ ഷാര്‍ജയിലെ സിപിഎം അനുകൂല സംഘടനയായ മാസുമായി (MASS) ചേര്‍ന്ന് ജനാധിപത്യ മുന്നണി എന്ന പേരില്‍ മത്സരിച്ചാണ് കെഎംസിസി ഭരണം പിടിച്ചത്. ആകെയുള്ള പതിനാല് സീറ്റില്‍ പതിമൂന്നിടത്തും ലീഗ്- സിപിഎം മുന്നണി ജയിച്ചു. കോണ്‍ഗ്രസ് മുന്നണിക്ക് വെറും ഒരു സീറ്റാണ് ലഭിച്ചത്.
ബിജെപി ആഭിമുഖ്യമുള്ള ഐപിഎഫ് (IPF) എന്ന സംഘടനയും നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിച്ചിരുന്നുവെങ്കിലും പച്ചതൊട്ടില്ല. കെഎംസിസി പ്രതിനിധി നിസാര്‍ തളങ്കര പ്രസിഡന്റായും മാസ് പ്രതിനിധി ശ്രീപ്രകാശ് പുരയത്ത് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം നേതാവും നിയമസഭ സ്പീക്കറുമായിരുന്ന പി ശ്രീരാമക്യഷ്ണന്റെ സഹോദരനാണ് ശ്രീപ്രകാശ്.
പരാജയപ്പെട്ടതോടെ മുന്നണി മര്യാദ ലംഘിച്ച് ലീഗ്, സിപിഎമ്മുമായി കൈകോര്‍ത്തുവെന്ന പരാതിയുമായി ഇന്‍കാസ് നേത്യത്വത്തിലെ ചിലര്‍ കെപിസിസി നേത്യത്വത്തെ സമീപിച്ചിട്ടുണ്ട്. വിഷയം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേത്യത്വം നല്‍കിയ മറുപടി. സിപിഎമ്മുമായി ചേര്‍ന്ന് മത്സരിച്ചതിനെതിരേയും കെഎംസിസിയിലെ ഒരു ന്യൂനപക്ഷത്തിനും എതിര്‍പ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അവര്‍ ലീഗ് നേത്യത്വത്തോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടാണ് കൂട്ടായ്മ രൂപീകരിച്ചതെന്ന വിശദീകരണമാണ് ലീഗ് നേതൃത്വം നല്‍കിയത്. പുതിയ കമ്മിറ്റി നാളെ ചുമതലയേല്‍ക്കും.