കൊല്ലപ്പെട്ട ഷാരോണ്‍
കൊല്ലപ്പെട്ട ഷാരോണ്‍

ഷാരോണ്‍ വധക്കേസ്;കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും കണ്ടെടുത്തു

ഗ്രീഷ്മയുടെ വീട്ടില്‍ നടന്ന തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്
Published on

ഷാരോൺ കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പോലീസ്. കഷായം ഉണ്ടാക്കിയതെന്ന് കരുതുന്ന പാത്രവും കളനാശിനിയുടെ അവശിഷ്ടവുമടക്കം പോലീസ് കണ്ടെടുത്തു. പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നടന്ന തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. കഷായം ഒഴിച്ചുവെച്ച കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഗ്രീഷ്മയെ തെളിവെടുപ്പിനായി രാമന്‍ചിറയിലെ വീട്ടിലെത്തിച്ച് കൊലപാതകം പുനരാവിഷ്‌ക്കരിച്ചു കൊണ്ടായിരുന്നു തെളിവെടുപ്പ് നടന്നത്.

തുടര്‍ച്ചയായ ചോദ്യം ചെയ്യലിൽ ഷാരോണിനെ ഒഴിവാക്കാനായാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ പോലീസിന് മൊഴി നല്‍കി. പല തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിനെ ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈം ബ്രാഞ്ചിനോട് അറിയിച്ചിട്ടുണ്ട്.

ജ്യൂസ് ചാലഞ്ചും വധശ്രമത്തിന്റെ ഭാഗമായിരുന്നു. ഷാരോണ്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാനാണ് ജ്യൂസ് ചലഞ്ച് നടത്തിയതെന്നും ഗ്രീഷ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

അതേസമയം പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീട് കുത്തിതുറന്ന് അജ്ഞാതൻ അകത്ത് കയറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സീലും വാതിലിന്റെ പൂട്ടും തകർത്താണ് അജ്ഞാതൻ അകത്ത് കയറിയത്. ഗ്രീഷ്മയെയും അമ്മയേയും അമ്മാവനേയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് വീടിന്റെ പൂട്ട് തുറന്ന് അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in