ഷാരോണ്‍ വധക്കേസ് വിചാരണ കേരളത്തില്‍ തന്നെ; പ്രതികളുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു

ഷാരോണ്‍ വധക്കേസ് വിചാരണ കേരളത്തില്‍ തന്നെ; പ്രതികളുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു

മുഖ്യപ്രതി ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായര്‍ എന്നിവർ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്
Published on

ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കൃത്യം നടന്നത് തമിഴ്നാട് അതിര്‍ത്തിയിലായതിനാല്‍ വിചാരണ നാഗര്‍കോവിലിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. മുഖ്യപ്രതിയായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായര്‍ എന്നിവർ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് പരിഗണിച്ചത്.

വിചാരണ കേരളത്തില്‍ നടത്തുന്നതിലെ എതിര്‍പ്പ് വിചാരണക്കോടതിയില്‍ ഉന്നയിക്കുമെന്ന് പ്രതികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാതെയാണ് പ്രതികള്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത ചൂണ്ടിക്കാണിച്ചു. അതിനാല്‍ ആവശ്യം പരിഗണിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി ആവശ്യം അനുവദിക്കാത്തതിനെത്തുടർന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.

ഷാരോണ്‍ വധക്കേസ് വിചാരണ കേരളത്തില്‍ തന്നെ; പ്രതികളുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം: ഇസ്രയേലിന്റെ മുന്‍പിലുള്ളത് ഇനി ഈ വഴികള്‍

വിചാരണക്കോടതിയുടെ അധികാരപരിധി സംബന്ധിച്ച തർക്കം വിചാരണ കോടതിയിൽ വിചാരണ വേളയിൽ ഉന്നയിക്കാമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ഇക്കാര്യം രേഖപ്പെടുത്തി ഹര്‍ജിയിലെ തുടർ നടപടി അവസാനിപ്പിച്ചത്. വിചാരണ നടക്കുന്ന നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയിൽ ഹര്‍ജിക്കാർക്ക് തർക്കം ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ബന്ധത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും തുടർന്ന് ആശുപത്രിയിൽ മരിച്ചുവെന്നുമാണ് കേസ്. 2022 ഒക്ടോബർ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് പാറശാല പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in